പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെ നടൻ സത്യരാജ് കർണാടക ജനങ്ങളോട് മാപ്പ് പറഞ്ഞു. ബാഹുബലി ചിത്രത്തിൽ കട്ടപ്പയായി വേഷമിട്ട സത്യരാജ് കർണാടക ജനങ്ങളോട് മാപ്പു പറഞ്ഞില്ലെങ്കിൽ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സത്യരാജ് മാപ്പ് പറഞ്ഞത്.

”ഒൻപതു വർഷം മുൻപുണ്ടായ കാവേരി നദീജല തർക്കത്തെച്ചൊല്ലി തമിഴ് ജനങ്ങൾക്കുനേരെ കർണാടകയിൽ പ്രതിഷേധം ഉണ്ടായി. തമിഴ് സിനിമകൾ കർണാടകയിൽ റിലീസ് ചെയ്യിക്കില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. ഇതിനെതിരെ തമിഴ് സിനിമാ സംഘടന പ്രതിഷേധ സമരം സംഘടിപ്പിച്ചു. അതിൽ പലരും ആവേശത്തോടെ സംസാരിച്ചു. അവരിൽ ഞാനും ഒരുത്തനാണ്. അതിന്റെ പേരിൽ എന്റെ കോലങ്ങൾ കർണാടകയിൽ കത്തിച്ചു. അന്നു ഞാൻ സംസാരിച്ചതിലെ ചില വാക്കുകൾ കർണാടക ജനങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ കർണാടക ജനങ്ങൾക്ക് എതിരല്ല. 35 വർഷമായി എന്റെ സഹായിയായി കൂടെ നിൽക്കുന്ന ശേഖർ എന്ന വ്യക്തി കർണാടകക്കാരനാണ് എന്നത് അതിന്റെ തെളിവാണ്. കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ ഞാൻ അഭിനയിച്ച ബാഹുബലി ആദ്യ ഭാഗം ഉൾപ്പെടെ 30 ചിത്രങ്ങൾ കർണാടകയിൽ റിലീസ് ചെയ്തു. ഒരു പ്രശ്നവും ഉണ്ടായില്ല. ചില കന്നഡ ചിത്രങ്ങളിൽ അഭിനയിക്കാനും എന്നെ വിളിച്ചു. സമയം ഇല്ലാത്തതിനാൽ അഭിനയിക്കാൻ കഴിഞ്ഞില്ല”.

”ഒൻപതു വർഷം മുൻപു നടന്ന യോഗത്തിൽ ഞാൻ സംസരിക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ കണ്ടു. അതിൽ ഞാൻ പറഞ്ഞ ചില വാക്കുകൾ വേദനിപ്പിച്ചുവെന്നു കർണാടക ജനങ്ങൾ കരുതുന്നതിനാൽ ആ വാക്കുകൾക്ക് ഒൻപതു വർഷത്തിനുശേഷം കർണാടക ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. തമിഴ് മക്കളും എന്റെ അഭ്യുദയകാംക്ഷികളും എന്റെ കാര്യത്തിൽ വിഷമിക്കേണ്ടതില്ല. അവരോട് ഒരു കാര്യം പറയാം. ബാഹുബലി എന്ന ചിത്രത്തിലെ ഒരംഗം മാത്രമാണ് ഞാൻ. എന്റെ ഒരാളുടെ പ്രവൃത്തിയിൽ മറ്റു നിരവധി പേരുടെ അധ്വാനവും പണവും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ബാഹുബലി രണ്ടാം പതിപ്പിന്റെ കർണാടകയിലെ വിതരണാവകാശം വാങ്ങിയവരും തിയേറ്റർ ഉടമകളും ബാധിക്കപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്തവും എനിക്കുണ്ട്”.

”തമിഴ് ജനങ്ങളുടെ പ്രശ്നമായാലും കാവേരി നദീജല തർക്കമായാലും വ്യവസായികളുടെ പ്രശ്നമായാലും തമിഴ് മക്കളുടെ എന്തു പ്രശ്നങ്ങൾക്കും ഇനിയും ശബ്ദം ഉയർത്തും. ഇങ്ങനെ ഞാൻ പറഞ്ഞതുകൊണ്ട് സത്യരാജിനെ വച്ച് സിനിമയെടുത്താൽ ഭാവിയിൽ പ്രശ്നം ഉണ്ടാകും എന്നു കരുതുന്നവർ ദയവു ചെയ്ത് ഒരു ചെറിയ നടനായ എന്നെ അവരുടെ സിനിമയിൽ ഭാഗമാക്കരുതെന്നും ഞാൻ കാരണം നഷ്ടമുണ്ടാകരുതെന്നും താഴ്മയോടെ അഭ്യർഥിക്കുന്നു. കാരണം ഒരു നടനായിരിക്കുന്നതിനെക്കാൾ അന്ധ വിശ്വാസമൊന്നുമില്ലാത്ത ഒരു തമിഴനായി ജീവിക്കുന്നതും മരിക്കുന്നതുമാണ് എനിക്ക് അഭിമാനം. എന്റെ ഈ ഖേദ പ്രകടനത്തെ അംഗീകരിച്ച് ബാഹുബലി രണ്ടാം ഭാഗം കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് കർണാടക ജനങ്ങളോട് അഭ്യർഥിക്കുന്നു. ഇതുവരെ എന്റെ കൂടെ നിന്ന തമിഴ് ജനങ്ങൾക്കും തമിഴ് സിനിമാ സംഘടനകൾക്കും സഹപ്രവർത്തകർക്കും നന്ദി പറയുന്നു. ഞാൻ കാരണം ഉണ്ടായ പ്രശ്നങ്ങൾ സഹിച്ച സംവിധായകൻ രാജമൗലി, നിർമാതാക്കൾ, മറ്റു ബാഹുബലി അംഗങ്ങൾ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു”.- സത്യരാജിന്റെ വാക്കുകൾ

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നടന്നൊരു പ്രതിഷേധ സമരത്തിൽ കർണാടകത്തിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവന സത്യരാജ് നടത്തിയിരുന്നു. ഇതിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ വാട്ടാൽ നാഗരാജാണ് രംഗത്ത് വന്നത്. ഇദ്ദേഹത്തെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പിന്തുണച്ചോതോടെയാണ് പ്രശ്നം സങ്കീർണമായത്. തുടർന്ന് ബാഹുബലിയുടെ സംവിധായകൻ രാജമൗലി ചിത്രം റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook