ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 വിന് ഇനി തകർക്കാൻ റെക്കോർഡുകൾ ഒന്നുംതന്നെ ബാക്കിയുണ്ടാകില്ല. പുതിയ റെക്കോർഡുകളാണ് ചിത്രം ഇപ്പോൾ കുറിച്ചു കൊണ്ടിരിക്കുന്നത്. ബോക്‌സ്ഓഫിസിൽ ചിത്രം 1000 കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ആയിരം കോടി ക്ലബിലെത്തുന്നത്. 230 കോടി ബജറ്റിലാണ് ബാഹുബലി 2 അണിയിച്ചൊരുക്കിയത്. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ബജറ്റ് 180 കോടിയായിരുന്നു.

പ്രഭാസ്, റാണ ദഗ്ഗുബട്ടി, സത്യരാജ്, അനുഷ്ക, രമ്യ കൃഷ്ണൻ, തമന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

bahubali 2, prabhas

പ്രഭാസ് (ബാഹുബലി): തന്റെ കരിയറിലെ അഞ്ചു വർഷമാണ് ബാഹുബലിക്കായി പ്രഭാസ് മാറ്റിവച്ചത്. ഈ കാലയളവിൽ മറ്റൊരു ചിത്രത്തിലേക്കും പ്രഭാസ് കരാർ ഒപ്പിട്ടിട്ടില്ല. 25 കോടിയാണ് ബാഹുബലിക്കായി പ്രഭാസ് വാങ്ങിയ പ്രതിഫലം. ബാഹുബലി 2 അഭിനേതാക്കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് പ്രഭാസാണ്.

bahubali 2, rana

റാണ ദഗ്ഗുബട്ടി (ഭല്ലാലദേവ): ഏകദേശം പ്രഭാസിന് തുല്യമായ കഥാപാത്രമായിരുന്നു ബാഹുബലിയിൽ റാണ ദഗ്ഗുബട്ടി അവതരിപ്പിച്ചതും. ഭല്ലാലദേവയെന്ന വില്ലൻ കഥാപാത്രം വളരെ ഭംഗിയായി റാണ കൈകാര്യം ചെയ്യുകയും ചെയ്തു. 15 കോടിയായിരുന്നു റാണയുടെ പ്രതിഫലം.

bahubali 2, anushka

അനുഷ്ക ഷെട്ടി (ദേവസേന): ബാഹുബലി ആദ്യ ഭാഗത്തിൽ ദേവസേനയെ കണ്ട പലരും രണ്ടാം ഭാഗം കണ്ടപ്പോൾ ഒന്നു ഞെട്ടി. ആദ്യ ഭാഗത്തിൽ വൃദ്ധയായിരുന്നു ദേവസേന. എന്നാൽ രണ്ടാം ഭാഗത്തിൽ അതീവ സുന്ദരിയാണ് ദേവസേന. തനിക്ക് ലഭിച്ച കഥാപാത്രം മികച്ച രീതിയിൽതന്നെ അനുഷ്ക ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. 5 കോടിയാണ് ദേവസേനയാവാൻ അനുഷ്ക വാങ്ങിയ പ്രതിഫലം.

bahubali 2, thamanna

തമന്ന ഭാട്ടിയ (അവന്തിക): അനുഷ്കയുടെ അതേ പ്രതിഫലമാണ് തമന്നയ്ക്കും ലഭിച്ചത്. 5 കോടി. ബാഹുബലി ആദ്യ ഭാഗത്തിൽ തമന്ന മുഴുനീളം നിറഞ്ഞുനിന്നിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ നാലോ അഞ്ചോ സീനുകളിൽ മാത്രമേ പ്രേക്ഷകർക്ക് തമന്നയെ കാണാൻ കഴിഞ്ഞുളളൂ.

bahubali 2, ramya krishnan

രമ്യ കൃഷ്ണൻ (ശിവഗാമി): ബാഹുബലി ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവഗാമി. 2.5 കോടിയായിരുന്നു ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലം.

bahubali 2, satyaraj

സത്യരാജ് (കട്ടപ്പ): കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു ? എന്ന ചോദ്യമാണ് ബാഹുബലി ആദ്യഭാഗം കണ്ടിറങ്ങിയ ഓരോരുത്തരും ചോദിച്ചത്. ഇതിനുളള ഉത്തരമായിരുന്നു ബാഹുബലി 2. ചിത്രത്തിലെ മറ്റേതു കഥാപാത്രത്തെക്കാളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രമാണ്. 2 കോടിയായിരുന്നു കട്ടപ്പയായി അഭിനയിച്ച സത്യരാജിന്റെ പ്രതിഫലം.

SS Rajamouli, bahubali 2

എസ്.എസ്.രാജമൗലി: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്ന പേരായിരിക്കും എസ്.എസ്.രാജമൗലിയുടേത്. ബാഹുബലിയുടെ അമരക്കാരൻ അദ്ദേഹമായിരുന്നു. 28 കോടിയായിരുന്നു സംവിധായകൻ രാജമൗലിക്ക് പ്രതിഫലമായി ലഭിച്ചത്. ഇതിനുപുറമേ ചിത്രത്തിന്റെ ലാഭത്തിന്റെ മൂന്നിലൊരു ഭാഗവും അദ്ദേഹത്തിന് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ