ഏവരുടെയും പ്രിയം നേടി കൊണ്ട് മുന്നേറുകയാണ് എസ്.എസ്.രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി 2. ബാഹുബലിയെന്ന പ്രധാന കഥാപാത്രമായെത്തിയ പ്രഭാസിന്റെ പ്രശസ്‌തിയും ലോകം മൊത്തം വ്യാപിച്ചിരിക്കുകയാണ്.

പ്രഭാസിന്റെ പ്രശ‌സ്‌തി ഉയർത്തി കൊണ്ട് ബാങ്കോക്കിലെ മാഡം തുസാഡ്‌സിൽ പ്രഭാസിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചു. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. അമരേന്ദ്ര ബാഹുബലിയായുളള രൂപത്തിലുളളതാണ് പ്രതിമ. ഇതിന്റെ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇതോടെ മാഡം തുസാഡ്‌സില്‍ ഇടംനേടുന്ന ആദ്യ തെന്നിന്ത്യന്‍ താരമെന്ന ബഹുമതിയും പ്രഭാസിന് സ്വന്തമായി. തെന്നിന്ത്യയിലെ പ്രമുഖരായ കമൽഹാസൻ, രജനീകാന്ത് എന്നിവർക്ക് മുന്നേയാണ് പ്രഭാസിന്റെ പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ വർഷമാണ് പ്രതിമ സ്ഥാപിക്കുന്നതിന്റെ പണികൾ തുടങ്ങിയത്.

മാഡം തുസാഡ്‌സില്‍ ഇടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇതിന് കാരണമായത് ആരാധകരുടെ പിന്തുണയും സ്നേഹവും മാത്രമാണെന്നും പ്രഭാസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ സിനിമയുടെ ഭാഗമാക്കിയ തന്റെ ഗുരുവായ രാജമൗലിക്ക് പ്രത്യേകം നന്ദി പറയാനും പ്രഭാസ് മറന്നില്ല.

2015ലാണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലിയെന്ന രണ്ട് കഥാപാത്രങ്ങളായാണ് പ്രഭാസ് ചിത്രത്തിലെത്തിയത്. രാജ്യത്താകമാനം 9,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങിയത്. കളക്ഷനിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ