കാവേരി പ്രശ്നത്തിലെ വിവാദ പ്രസ്‌താവനയിൽ കർണാടകയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ നടൻ സത്യരാജിനെ അഭിനന്ദിച്ച് കമൽഹാസൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽഹാസൻ അഭിനന്ദനമറിയിച്ചത്. തന്റെ ചിത്രമായ വിരുമാണ്ടിയിലെ ഡയലോഗ് പോസ്റ്റ് ചെയ്‌താണ് ഉലകനായകന്റെ അഭിനന്ദനം.
പ്രതിസന്ധി സമയത്ത് യുക്തിപൂർവം പെരുമാറിയ സത്യരാജിന് അഭിനന്ദനമെന്ന് കുറിച്ച കമലഹാസൻ തന്റെ മുൻ ചിത്രമായ വീരുമാണ്ടിയിലെ നായക കഥാപാത്രത്തിന്റെ ഡയലലോഗും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. മന്നിപ്പ് കേക്ക്റവൻ പെരിയ മനുഷ്യൻ (ക്ഷമ ചോദിക്കുന്നവൻ വലിയ മനുഷ്യൻ) എന്നാണ് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 2004ൽ പുറത്തിറങ്ങിയ ചിത്രമാണ് വീരുമാണ്ടി.
Congrats Mr. Sathyaraj for maintaining rationality in a troubled environement. Quoting VirumaaNdi மன்னிப்புக் கேக்கறவன் பெரியமனுசன். Bravo
— Kamal Haasan (@ikamalhaasan) April 22, 2017
ഒൻപത് വർഷം മുൻപ് കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നടന്നൊരു പ്രതിഷേധ സമരത്തിൽ കർണാടകത്തിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവന സത്യരാജ് നടത്തിയിയെന്നും ഇതിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ വാട്ടാൽ നാഗരാജാണ് രംഗത്ത് വന്നത്. ഇല്ലെങ്കിൽ സത്യരാജ് കട്ടപ്പയായെത്തുന്ന ബാഹുബലി ദി കൺക്ളൂഷൻ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇദ്ദേഹത്തെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പിന്തുണച്ചോതോടെയാണ് പ്രശ്നം സങ്കീർണമായത്. തുടർന്ന് ബാഹുബലിയുടെ സംവിധായകൻ രാജമൗലി ചിത്രം റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെ നടൻ സത്യരാജ് കർണാടക ജനങ്ങളോട് മാപ്പ് പറഞ്ഞു. ”ഒൻപതു വർഷം മുൻപുണ്ടായ കാവേരി നദീജല തർക്കത്തിൽ തമിഴ് സിനിമാ സംഘടന സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പറഞ്ഞ ചില പരാമർശങ്ങൾ കന്നഡികർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ ഖേദമുണ്ടന്ന് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ഒരു വിഡിയോയിൽ സത്യരാജ് പറഞ്ഞിരുന്നു.
“അന്നു ഞാൻ സംസാരിച്ചതിലെ ചില വാക്കുകൾ കർണാടക ജനങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ കർണാടക ജനങ്ങൾക്ക് എതിരല്ല. ‘ഒൻപതു വർഷം മുൻപു നടന്ന യോഗത്തിൽ ഞാൻ സംസരിക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ കണ്ടു. അതിൽ ഞാൻ പറഞ്ഞ ചില വാക്കുകൾ വേദനിപ്പിച്ചുവെന്നു കർണാടക ജനങ്ങൾ കരുതുന്നതിനാൽ ആ വാക്കുകൾക്ക് ഒൻപതു വർഷത്തിനുശേഷം കർണാടക ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. തമിഴ് മക്കളും എന്റെ അഭ്യുദയകാംക്ഷികളും എന്റെ കാര്യത്തിൽ വിഷമിക്കേണ്ടതില്ല. അവരോട് ഒരു കാര്യം പറയാം. ബാഹുബലി എന്ന ചിത്രത്തിലെ ഒരംഗം മാത്രമാണ് ഞാൻ. എന്റെ ഒരാളുടെ പ്രവൃത്തിയിൽ മറ്റു നിരവധി പേരുടെ അധ്വാനവും പണവും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ബാഹുബലി രണ്ടാം പതിപ്പിന്റെ കർണാടകയിലെ വിതരണാവകാശം വാങ്ങിയവരും തിയേറ്റർ ഉടമകളും ബാധിക്കപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്തവും എനിക്കുണ്ട്”.
കാവേരി പ്രശ്നത്തിലെ വിവാദ പ്രസ്താവനയിൽ നടൻ സത്യരാജ് മാപ്പു പറഞ്ഞതിനാൽ പ്രതിഷേധം അവസാനിപ്പിക്കുന്നതായി തീവ്ര കന്നഡ അനുകൂല സംഘടനകൾ ഇന്ന് അറിയിച്ചു. ഏപ്രിൽ 28 ന് നടത്താനിരുന്ന കർണാടക ബന്ദും പിൻവലിച്ചു. ഇതോടെ ബാഹുബലി 2 കർണാടകയിൽ റിലീസ് ചെയ്യും.