ഇന്ത്യന്‍ സിനിമയെ ഇനി രണ്ടായി തിരിക്കാം. ബാഹുബലിക്കു മുമ്പും ബാഹുബലിക്കു ശേഷവും. ബാഹുബലി രണ്ടാംഭാഗം ബോക്‌സ്ഓഫീസില്‍ ഒരു കൊടുങ്കാറ്റുണ്ടാക്കി എന്നതു സത്യം തന്നെ. പക്ഷെ അതിനുമപ്പുറം നമ്മള്‍ സിനിമകളെ കണ്ടിരുന്ന രീതി തന്നെ അതു മാറ്റി മറിച്ചു. എല്ലാഭാഷകളിലുമായി 1700 കോടിയലധികമാണ് ചിത്രത്തിന്റെ ഇതുവരെയുള്ള മുഴുവന്‍ കളക്ഷന്‍. ബോളിവുഡിലും ബാഹുബലി സൃഷ്ടിച്ച തരംഗം ചെറുതല്ല.

baahubali

ബോളിവുഡിന് ഒരു ഉണര്‍ത്തുപാട്ടായിരുന്നു എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. പ്രാദേശിക ഭാഷയില്‍ ഒരുക്കിയ ഒരു സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു എന്നത് പ്രേക്ഷകരെയും നിര്‍മ്മാതാക്കളേയും ഒരുപോലെ ചിന്തിപ്പിച്ച ഒന്നായിരുന്നു.

ഇതുവരെയുള്ള ചിത്രത്തിന്റെ ബോളിവുഡ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്. 34 ദിവസം കൊണ്ട് 500 കോടിയാണ് ബി ടൗണില്‍ നിന്നും ബാഹുബലിയും കൂട്ടരും വാരിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡിലെ ട്യൂബ്‌ലൈറ്റ്, ജഗ്ഗാ ജാസൂസ് എന്നീ ചിത്രങ്ങള്‍ക്ക് ശക്തമായ മൽസരമാണ് നല്‍കിയത്. മറ്റ് ഹിന്ദി ചിത്രങ്ങളേയും ഈ ബാഹുബലി തരംഗം ബാധിച്ചു.

bahubali, prabhas, ss rajamouli

ആദ്യ നാലു ദിവസം തന്നെ ‘ബാഹുബലി ബിഗിനിങ്ങി’ന്റെ മുഴുവന്‍ കളക്ഷനേയും രണ്ടാം ഭാഗം പൊട്ടിച്ചു. ബാഹുബലി ആദ്യഭാഗം ആകെ വാരിയത് 118.70 കോടിയായിരുന്നെങ്കില്‍ രണ്ടാംഭാഗത്തിന്റെ നാലുദിവസത്തെ കളക്ഷന്‍ മാത്രം 168.25 കോടിയായിരുന്നു. ആദ്യ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രവും ബാഹുബലി തന്നെ. 40.25 കോടി രൂപ. ആമിര്‍ ഖാന്റെ ദംഗലിനും, സല്‍മാന്‍ ഖാന്റെ സുല്‍ത്താനും വന്‍ തിരിച്ചടിയാണ് ബാഹുബലി നല്‍കിയത്. മാത്രമല്ല, ഒരു ദിവസംകൊണ്ടു തന്നെ 100 കോടി വാരിയ ആദ്യ ചിത്രവും ബാഹുബലി തന്നെ.

baahubali, prabhas, anushka shetty

ബാഹുബലിയിലൂടെ പ്രഭാസ്, അനുഷ്‌ക, റാണാ ദഗ്ഗുബാട്ടി എന്നീ അഭിനേതാക്കളുടെ ജാതകം തന്നെ മാറിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ഇനി അവരെ ഓര്‍ക്കാന്‍ സിനിമാപ്രേമികള്‍ക്ക് മറ്റൊരു ചിത്രത്തിന്റെ ആവശ്യംപോലുമില്ല.

ഒറ്റദിവസംകൊണ്ട് ഉണ്ടാക്കിയെടുത്തതല്ല ബാഹുബലി ടീം ഈ നേട്ടം. ബോളിവുഡിന് ഏറെയുണ്ട് ബാഹുബലിയില്‍ നിന്നും പഠിക്കാന്‍. ഖാന്‍, കപൂര്‍ സിനിമകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നത് ഒന്നാമത്തേത്. എന്തുകൊണ്ടാണ് പുരുഷനെ പോലെ തന്നെ ശക്തമായ സ്ത്രീകഥാപാത്രങ്ങളും ചിത്രത്തില്‍ ഉണ്ടാകേണ്ടതെന്ന് മറ്റൊന്ന്. സേഫ് സോണില്‍ നിന്നും ഇറങ്ങിവന്ന് ബോളിവുഡ് പാഠങ്ങളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook