എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 കണ്ട പ്രേക്ഷകർക്ക് ചിത്രത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല. അപ്പോഴും എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കാര്യം ചിത്രത്തിലെ തമന്നയുടെ അഭാവത്തെയാണ്. മൂന്നോ നാലോ സീനുകളിൽ മാത്രമേ ബാഹുബലി 2 വിൽ പ്രേക്ഷകർ തമന്നയെ കണ്ടുളളൂ. അതും ചിത്രത്തിന്റെ ക്ലൈമാക്സിൽ.

ബാഹുബലി ആദ്യ ഭാഗത്തിൽ അവന്തിക എന്ന ശക്തമായ കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്. എന്നാൽ ബാഹുബലി ആദ്യഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം ഭാഗത്തിൽ തമന്നയ്ക്ക് ചെയ്യാൻ ഒന്നുമുണ്ടായില്ല എന്നുതന്നെ പറയേണ്ടിവരും. ഇതിനുളള കാരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാഹുബലി 2 വിലെ തമന്നയുടെ പല സീനുകളും സംവിധായകൻ എസ്.എസ്.രാജമൗലിയുടെ നിർദേശപ്രകാരം അവസാന നിമിഷം എഡിറ്റ് ചെയ്ത് മാറ്റിയതായാണ് റിപ്പോർട്ടുകൾ. വിഷ്വൽ ഇഫക്ട്സ് നന്നാവാത്ത ഭാഗങ്ങളാണ് രാജമൗലി നീക്കിയതെന്നും നിർഭാഗ്യവശാൽ അതൊക്കെ തമന്ന അഭിനയിച്ച സീനുകളായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, അവസാന നിമിഷം താൻ അഭിനയിച്ച ഭാഗങ്ങൾ ചിത്രത്തിൽനിന്നും നീക്കിയതിൽ തമന്ന സന്തുഷ്ടയല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഹുബലി 2 വിനായി കുതിര സവാരിയും ആയുധ പരിശീലനവും തമന്ന നേടിയിരുന്നു. ബാഹുബലി 2 റിലീസിനു മുൻപേ ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും തമന്ന പറഞ്ഞിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ താൻ അഭിനയിച്ച പല ഭാഗങ്ങളും നീക്കം ചെയ്തതിൽ തമന്ന ഏറെ ദുഃഖിതയാണെന്നും റിപ്പോർട്ട് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ