സിനിമയായിട്ട് മാത്രമല്ല ടിവി സീരിയലായും ഇനി ബാഹുബലി കാണാം. ചിത്രത്തിന്റെ നിർമാതാവ് ശോബു യാർലഗദ്ദയാണ് ബാഹുബലി ടിവി സീരിയൽ ആയി വരുന്നു എന്ന വിവരം അറിയിച്ചത്. ബാഹുബലി 2 വിന്റെ പ്രമോഷൻ സമയത്ത് ബാഹുബലി ടിവി സീരിയൽ ആക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് സംവിധായകൻ എസ്.എസ്.രാജമൗലി പറഞ്ഞിരുന്നു. സാധാരണ ടിവി സീരിയൽ പോലെ അല്ലാതെ പത്തോ പതിനഞ്ചോ എപ്പിസോഡുകളിൽ അവസാനിക്കുന്ന രീതിയിലായിരിക്കും ബാഹുബലി സീരിയൽ എത്തുക.

ഹിന്ദിയിലായിരിക്കും സീരിയൽ സംപ്രേക്ഷണം ചെയ്യുകയെന്ന് ബോളിവുഡ് ഹംഗാമയോട് ശോബു പറഞ്ഞു. ”ആന്ധ്രപ്രദേശിൽ മാത്രം ഒതുങ്ങി നിൽക്കാനുളളതല്ല ബാഹുബലി. ഇന്ത്യയ്ക്കു പുറത്തേക്കും പോണം. ആദ്യം ഹിന്ദിയിലായിരിക്കും സീരിയൽ തുടങ്ങുക. പിന്നീട് വിവിധ ഇന്ത്യൻ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യും. ദേശീയ ഭാഷയായതിനാലാണ് ഹിന്ദിയിൽ സീരിയൽ സംപ്രേക്ഷണം ചെയ്യാൻ തീരുമാനിച്ചത്. ഇത് കൂടുതൽ ജനങ്ങളിലേക്കെത്തും”- ശോബു പറഞ്ഞു.

അതേസമയം, ആരൊക്കെയായിരിക്കും സീരിയലിൽ കഥാപാത്രങ്ങളാവുക എന്നതിനെക്കുറിച്ച് ശോഭു പറഞ്ഞില്ല. എന്നായിരിക്കും സീരിയൽ സംപ്രേക്ഷണം ചെയ്യുകയെന്നതിനെക്കുറിച്ചും വിവരം പങ്കുവച്ചിട്ടില്ല. ഏപ്രിൽ 28 ന് റിലീസ് ചെയ്ത ബാഹുബലി 2 ചിത്രം ബോക്‌സ് ഓഫിൽ വിജയം നേടിക്കഴിഞ്ഞു. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം കളക്ഷൻ റെക്കോഡുകൾ തകർത്തിരുന്നു. 1000 കോടി ക്ലബിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ബാഹുബലി 2 മാറും എന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ