നടനും തമിൾ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാൽ തമിൾ റോക്കേഴ്സ് വെബ്സൈറ്റിനെതിരെ പരാതി നൽകി. എസ്.എസ്.രാജമൗലി ചിത്രം ബാഹുബലി 2 വിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തതിനെതിരെയാണ് പരാതി നൽകിയത്. തമിൾ റോക്കേഴ്സ് എന്ന പേരിൽ ഇന്റർനെറ്റ് മാഫിയ നടത്തുന്ന ആൾക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ കരൺ സിൻഹയ്ക്കാണ് വിശാൽ അടക്കമുളള തമിൾ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അംഗങ്ങൾ പരാതി നൽകിയത്.

വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ ബാഹുബലി 2 വിന്റെ നിർമാതാക്കൾക്ക് വൻ നഷ്ടമുണ്ടായി. നിരവധി വെബ്സൈറ്റുകളിൽ ബാഹുബലി 2 വിന്റെ വ്യാജപതിപ്പ് വന്നിട്ടുണ്ട്. അതിനാൽ അനധികൃതമായി വെബ്സൈറ്റ് പ്രവർത്തിക്കുന്നവർക്കെതിരെ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതായും എത്രയും പെട്ടെന്ന് പരാതിയിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും നടൻ വിശാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ബാഹുബലി 2 വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളെക്കുറിച്ചുളള പരാതി തമിൾ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനു ലഭിച്ചിട്ടുണ്ട്. ഏതൊക്കെ സൈറ്റുകളാണ് സിനിമ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന ലിസ്റ്റ് ഇതിലുണ്ടെന്നും വിശാൽ പറഞ്ഞു.

വ്യാജ വെബ്സൈറ്റുകൾക്കുപുറമേ കേബിൾ ടിവി ചാനലിൽനിന്നും തമിഴ് സിനിമ വെല്ലുവിളി നേരിടുന്നുണ്ട്. ചില പ്രാദേശിക ചാനലുകൾ പുതിയ സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതേത്തുടർന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ കബാലി, തെരി ഉൾപ്പെടെ 300 ഓളം സിനിമകൾക്ക് സാറ്റലൈറ്റ് അവകാശം ലഭിച്ചിട്ടില്ല. ഇത്തരം പ്രാദേശിക കേബിൾ ടിവി ചാനൽ ഓപ്പറേറ്റർമാർക്കെതിരെ നടപടി എടുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിശാൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ