ആയിരം കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന അപൂർവനേട്ടം കൈവരിച്ചിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. ഈ സന്ദർഭത്തിൽ ആരാധകർക്കും ‘ബാഹുബലി’ എന്ന കഥാപാത്രം തനിക്ക് നൽകിയ സംവിധായകൻ എസ്.എസ്.രാജമൗലിക്കും വികാരനിർഭരമായ കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ പ്രഭാസ്.

ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടാണ് പ്രഭാസ് കുറിപ്പ് തുടങ്ങുന്നത്. ”എന്റെ എല്ലാ ആരാധകർക്കും, എനിക്ക് ഇത്രയധികം സ്നേഹം നൽകിയ ഓരോരുത്തർക്കും എന്റെ ആലിംഗനം. ബാഹുബലി കഥാപാത്രം മികച്ചതാക്കാനായി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പരിശ്രമങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നും നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചു. ബാഹുബലി യാത്ര വർഷങ്ങൾ നീണ്ടുനിന്നതായിരുന്നു. നിങ്ങളോരുത്തരും തന്ന സ്നേഹത്തിന് ഇരട്ടിയായി ഞാൻ തിരിച്ചുതരുന്നു”.

Read More: ചരിത്രനേട്ടം സ്വന്തമാക്കി ബാഹുബലി 2; ചിത്രം 1000 കോടി ക്ലബിൽ

എസ്.എസ്.രാജമൗലിയോട് വികാരനിർഭരമായ ചില കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് പ്രഭാസ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ”ബാഹുബലി പോലൊരു കഥാപാത്രം എന്നെ വിശ്വാസിച്ച് ഏൽപ്പിച്ച എസ്.എസ്.രാജമൗലി സാറിന് നന്ദി. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടാവുന്ന കഥാപാത്രമാണ് എനിക്ക് താങ്കൾ നൽകിയത്. ബാഹുബലിക്കൊപ്പമുളള മുഴുവൻ യാത്രയും സ്പെഷലാക്കിയതിന് നന്ദി”.

പ്രഭാസ് ഇപ്പോൾ യുഎസിലാണുളളത്. ബാഹുബലി ചിത്രം പുറത്തിറങ്ങിയതിനുപിന്നാലെ ആഗോള തലത്തിൽതന്നെ പ്രഭാസ് ശ്രദ്ധ നേടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പേരാണ് താരത്തിന്റെ ആരാധകരായത്. ബാങ്കോക്കിലെ മാഡം തുസാഡ്സിൽ പ്രഭാസിന്റെ മെഴുകു പ്രതിമയും സ്ഥാപിച്ചിരുന്നു. ഒരു സൗത്ത് ഇന്ത്യൻ താരത്തിന്റെ പ്രതിമ ആദ്യമായാണ് ഇവിടെ സ്ഥാപിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ