ഇന്ത്യയിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് എസ്.എസ്.രാജമൗലി ഒരുക്കിയ ബാഹുബലി രണ്ടാം ഭാഗം ഇനി ചൈനയിലും പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒന്നാം ഭാഗവും ചൈനയില്‍ റിലീസ് ചെയ്തിരുന്നു. എണ്ണൂറുകോടിയിലധികമായിരുന്നു ചൈനയിൽ ഒന്നാം ഭാഗത്തിന്റെ കളക്ഷൻ. നേരത്തേ അമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദംഗലും ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ബാഹുബലിക്ക് ചൈനയില്‍ സെന്‍സര്‍ സെര്‍ട്ടിഫിക്കറ്റ് ലഭിച്ചു, എന്നാല്‍ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ജപ്പാനിലും റഷ്യയിലും റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 29നാണ് ചിത്രം ജപ്പാനില്‍ റിലീസായത്. ചിത്രം റിലീസായി മൂന്നു മാസമായിട്ടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യക്കാരെ പോലെ ജപ്പാന്‍കാരും ഏറെ സ്നേഹത്തോടെ ബാഹുബലിയെ ഹൃദയത്തോടു ചേര്‍ത്തു.
Read More: ജപ്പാനിലെ തിയേറ്ററുകള്‍ ഇളക്കിമറിച്ച് ബാഹുബലി; വീഡിയോ
മാര്‍ച്ച് രണ്ടിലെ കണക്കു പ്രകാരം ആറരക്കോടിയോളം രൂപയാണ് ചിത്രം ജപ്പാനില്‍നിന്നും വാരിയത്. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ബാഹുബലി ടീം അറിയിച്ചിരുന്നു. ജനുവരിയില്‍ ചിത്രം റഷ്യയിലും റിലീസ് ചെയ്തിരുന്നു.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, പതിപ്പുകളിലെല്ലാം ചിത്രം വന്‍ വിജയമായിരുന്നു. ബോളിവുഡില്‍ 500 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ഒരു ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലും ഇന്ത്യന്‍ പനോരമയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.