ബാഹുബലി 2 ചൈനയിൽ റിലീസ് ചെയ്തു. 18,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ആമിർ ഖാന്റെ സീക്രട്ട് സൂപ്പർസ്റ്റാർ, സൽമാൻ ഖാന്റെ ബജ്‌രംഗി ഭായ്ജാൻ, ഇർപാൻ ഖാന്റെ ഹിന്ദി മീഡിയം എന്നീ ചിത്രങ്ങളാണ് ഇതിനുമുൻപ് ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയത്.

ബാഹുബലി ആദ്യഭാഗത്തെക്കാൾ വൻ വരവേൽപ്പാണ് ചൈനയിൽ രണ്ടാം ഭാഗത്തിന് ലഭിച്ചത്. ഓപ്പണിങ് ഡേയിലെ കളക്ഷൻ തന്നെ ഞെട്ടിക്കുന്നതാണ്. 19 കോടി രൂപയാണ് ആദ്യദിനം തന്നെ എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 ചൈനയിൽ വാരിക്കൂട്ടിയത്. ബാഹുബലി ഒന്നാം ഭാഗവും ചൈനയില്‍ റിലീസ് ചെയ്തിരുന്നു. എണ്ണൂറുകോടിയിലധികമായിരുന്നു ചൈനയിൽ ഒന്നാം ഭാഗത്തിന്റെ കളക്ഷൻ.

ജപ്പാനിലും ബാഹുബലി 2 റിലീസ് ചെയ്തിരുന്നു. ജപ്പാൻകാരും ഏറെ സന്തോഷത്തോടെയാണ് ബാഹുബലിയെ ഹൃദയത്തോട് ചേർത്തത്. ജപ്പാനിലും കോടികൾ വാരിക്കൂട്ടിയിരുന്നു ബാഹുബലി 2.

2017 ഏപ്രില്‍ 28 നാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോർഡ് ബാഹുബലി 2 സ്വന്തമാക്കിയിരുന്നു. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ പുറത്തിറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ