കളക്ഷൻ റെക്കോർഡിന്റെ കാര്യത്തിൽ ആർക്കും തകർക്കാനാവാത്ത നേട്ടങ്ങളുമായി മുന്നേറുകയാണ് ബാഹുബലി 2. എട്ടാം ദിവസത്തിലെ കളക്ഷൻ വിവരങ്ങൾ പുറത്തു വരുമ്പോൾ ചിത്രം 925 കോടി നേടിക്കഴിഞ്ഞു. അങ്ങനെയെങ്കിൽ ബാഹുബലി 2 ആയിരം കോടി ക്ലബിലെത്താൻ ഇനി ഒരു ദിവസം മാത്രം മതിയാകും. ഇന്ത്യയിൽനിന്നും 745 കോടിയും വിദേശത്തുനിന്നും 180 കോടിയുമാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാല എട്ടാം ദിനത്തിലെ കളക്ഷൻ വിവരങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ആമിർ ഖാൻ ചിത്രങ്ങളായ പികെയുടെയും ദംഗലിന്റെയും റെക്കോർഡുകൾ ബാഹുബലി 2 തകർത്തിരുന്നു. പികെ 768 കോടിയും ദംഗൽ 716 കോടിയുമായിരുന്നു ആഗോളമാനം നേടിയത്. ദംഗലിന്റെയും സുൽത്താന്റെയും ആദ്യ ആഴ്ച കളക്ഷൻ റെക്കോർഡുകളും ബാഹുബലി 2 മറികടന്നിരുന്നു. 247 കോടിയാണ് ചിത്രം ആദ്യ ആഴ്ചയിൽ നേടിയത്.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ