ബാഹുബലി 2 വിന്റെ വിജയ യാത്ര നിലയ്ക്കുന്നില്ല. അഞ്ചാം ദിനത്തിലെ ആഗോള കളക്ഷൻ വിവരങ്ങൾ പുറത്തു വരുമ്പോൾ ചിത്രം 625 കോടിയിലധികം നേടിക്കഴിഞ്ഞു. ബാഹുബലി ആദ്യഭാഗത്തിന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷൻ 650 കോടിയായിരുന്നു. ഇതിനെയൊക്കെ തകർത്ത് മുന്നേറുകയാണ് ബാഹുബലി 2 ദി കൺക്ലൂഷൻ. ഇങ്ങനെങ്കിൽ ചിത്രം 1000 കോടി കടക്കുമെന്ന് ഉറപ്പാണ്.

നാലുദിവസത്തിനുളളിൽ ഇന്ത്യയിൽനിന്നു മാത്രം 383 കോടി ബാഹുബലി 2 നേടിയതായി ചിത്രത്തിന്റെ ഹിന്ദി വിതരണക്കാരനായ കരൺ ജോഹർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 490 കോടി ഇന്ത്യയിൽനിന്നും 135 കോടി മറ്റു രാജ്യങ്ങളിൽനിന്നും ചിത്രം നേടിയതായി രമേശ് ബാല ട്വീറ്റ് ചെയ്തു.

ആമിർ ഖാന്റെ ‘പികെ’ നേടിയ 769 കോടി ബാഹുബലി 2 വിന് തകർക്കാൻ ഇനി അധികം നാൾ വേണ്ടിവരില്ല. നിലവിൽ പികെ ആണ് ഏറ്റവും കൂടിയ ആഗോള കളക്ഷൻ നേടിയ ചിത്രം. നേരത്തെ ആമിറിന്റെ ‘ദംഗല്‍’ ആദ്യ ആഴ്ച നേടിയ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് ബാഹുബലി 2 തകര്‍ത്തിരുന്നു. 210 കോടിയായിരുന്നു ദംഗലിന്റെ ആദ്യ ആഴ്ചത്തെ കലക്ഷന്‍. ബാഹുബലി 2വിന്റേത് 217 കോടിയാണ്. ആമിറിന്റെ ദംഗൽ, സൽമാന്റെ സുൽത്താൻ, ഷാരൂഖിന്റെ റയീസ് എന്നീ ചിത്രങ്ങളെ കടത്തിവെട്ടി ഏറ്റവും വേഗത്തിൽ 600 കോടി നേടുന്ന ചിത്രമെന്ന ബഹുമതിയും ബാഹുബലി 2 സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ