റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ചരിത്രമാണ് ബാഹുബലി 2 സൃഷ്ടിച്ചത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപയാണ് ആഗോളമാനം ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിൽനിന്നും 415 കോടിയും ഗൾഫിൽനിന്നും 125 കോടിയും ചിത്രം നേടിയതായാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മൂന്നു ദിവസത്തിനുളളിൽ 128 കോടി നേടിയതായി കരൺ ജോഹറും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ മാത്രമല്ല യുഎസിലും ബാഹുബലി 2 തരംഗം തീർക്കുകയാണ്. 425 തിയേറ്ററുകളിലാണ് നോർത്ത് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആഗോളമാനം 217 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും മാത്രം 121 കോടി നേടി. രണ്ടാം ദിവസത്തിലും ബാഹുബലി കളക്ഷൻ റെക്കോർഡുകൾ തകർത്തു. ആഗോളമാനം 382 കോടി ചിത്രം നേടി. മൂന്നാം ദിനത്തിൽ 500 കോടിയും ബാഹുബലി 2 മറികടന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ വിതരണാവകാശത്തിലൂടെ 500 കോടി നേടിയിരുന്നു. ആദ്യദിന കളക്ഷനിൽ ആമിർ ഖാന്റെ ദംഗലിനെയും സൽമാൻ ഖാന്റെ സുൽത്താനെയും ബാഹുബലി 2 മറികടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ