ഇന്ത്യൻ സിനിമയിലെ തന്നെ വിസ്‌മയങ്ങളിലൊന്നായ ബാഹുബലി തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ആരും തിയേറ്ററിൽ നിന്നും ബാഹുബലിയുടെ ദൃശ്യങ്ങൾ പകർത്തുകയോ സിനിമ ലീക്കാക്കുകയോ ചെയ്യരുതെന്നാണ് പ്രഭാസ് ആരാധകരോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യം. ഞായറാഴ്‌ച കൊച്ചിയിൽ നടന്ന സിനിമയുടെ ഓഡിയോ റിലീസിനിടെയാണ് പ്രഭാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അനേകം പേരുടെ ചോരയും വിയർപ്പുമാണ് ഈ ചിത്രം, ദയവായി ഏവരും ഈ ചിത്രം തിയറ്ററുകളിൽ എത്തി കാണണമെന്നും പ്രഭാസ് പറഞ്ഞു. സിനിമ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ബാഹുബലിയുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തകൾക്കിടെയാണ് പ്രഭാസിന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നത്. അടുത്തിടെയിറങ്ങിയ പല മലയാളം സിനിമകളുടെ ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

ബാഹുബലി 2 വിന്റേതെന്നു പറഞ്ഞുളള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചില തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ബാഹുബലിയുടെ പ്രീമിയർ ഷോ കണ്ട ആരോ ഒരാൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും തരത്തിലും റിപ്പോർട്ടുണ്ട്. ബാഹുബലി 2 വിന്റേതെന്നു പറഞ്ഞുളള രണ്ടു മിനിറ്റ് ദൈർഘ്യമുളള വിഡിയോയാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്. ബാഹുബലി ചിത്രത്തിലെ യുദ്ധരംഗത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നതെന്നാണ് വിവരം.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ എഡിറ്റിങ് സമയത്ത് ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ഗ്രാഫിക് ഡിസൈനര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നതായുളള വാർത്ത പരക്കുന്നത്.

2015ലാണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് തുടങ്ങിയ കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 9,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ