ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്താൻ രണ്ട് ദിവസം മാത്രം അവശേഷിക്കെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്ക് വച്ച് അണിയറപ്രവർത്തകർ. രാജകീയ വേഷത്തിലും ഭാവത്തിലുമുളള അനുഷ്‌കയുടെയും പ്രഭാസിന്റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

2015ൽ മഹിഷ്‌മതിയുടെ കഥ പറഞ്ഞ് എത്തിയ ചിത്രമാണ് ബാഹുബലി. എസ്.എസ്.രാജമൗലി ഒരുക്കിയ ദൃശ്യവിസ്‌മയമായിരുന്നു ബാഹുബലി. ഒരു പാട് ചോദ്യങ്ങൾ ഉയർത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗത്തിന് തിരശീല വീണത്. കട്ടപ്പ എന്തിന് ബാഹുബലിയ കൊന്നുവെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏപ്രിൽ 28 നാണ് ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററിലെത്തുക. ചിത്രം തിയേറ്ററിലെത്തുന്നതിന് രണ്ട് ദിവസം മുൻപാണ് ആകാംക്ഷയും പ്രതീക്ഷയും കൂട്ടി കൊണ്ട് പുതിയ പോസ്റ്ററുകൾ എത്തിയിരിക്കുന്നത്.

അമരേന്ദ്ര ബാഹുബലിയായുളള പ്രഭാസാണ് പോസ്റ്ററിലുളളത്. രാജകീയ വേഷങ്ങളിഞ്ഞ് നല്ല കലിപ്പ് ലുക്കിൽ നടന്നു വരുന്ന അമരേന്ദ്ര ബാഹുബലിയെയാണ് കാണാനാവുന്നത്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ രണ്ട് കഥാപാത്രങ്ങളായാണ് പ്രഭാസ് ബാഹുബലിയിലെത്തുന്നത്.

ബാഹുബലിയിലെ മറ്റൊരു ശക്തമായ കഥാപാത്രമാണ് അനുഷ്‌ക അവതരിപ്പിക്കുന്ന ദേവസേന. ദേവസേനയുടെ പുതിയ ലുക്കും അണിയ പ്രവർത്തകർ പങ്ക് വച്ചിട്ടുണ്ട്. രാജകീയ വേഷത്തിൽ സിംഹാസനത്തിലിരിക്കുന്ന ദേവസേനയാണ് പോസ്റ്ററിലുളളത്. ആയുധമെടുത്ത് പോരാടാനറിയുന്ന ഒരു പോരാളിയായാണ് ദേവസേനയെത്തുന്നത്. അമരേന്ദ്ര ബാഹുബലിയും ദേവസേനയും തമ്മിലുളള പ്രണയ രംഗങ്ങളും പോരാട്ട രംഗങ്ങളും നേരത്തെയിറങ്ങിയ ട്രെയിലറിൽ കണ്ടതാണ്.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ