ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ മനം കവർന്ന് കൊണ്ട് തിയേറ്ററിൽ ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ് ബാഹുബലി 2. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബാഹുബലിയിൽ ബല്ലാലദേവയായെത്തിയ റാണ ദഗുബട്ടിയുടെ ഒരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജെമിനി ചാനലിന്റെ ടിവി റിയാലിറ്റി ഷോയിൽ
തനിക്കും ഒരു കണ്ണിന് കാഴ്ചയില്ലായിരുന്നുവെന്ന് റാണ വെളിപ്പെടുത്തിയ വിഡിയോയാണ് ചർച്ചയ്ക്ക് ഇടയാക്കിയത്.

പരിപാടിയിൽ പങ്കെടുത്ത ഒരു കുട്ടി കണ്ണിന് കാഴ്‌ചയില്ലെന്ന് പറഞ്ഞപ്പോഴാണ് റാണയും ഇക്കാര്യം പറഞ്ഞത്. ”ചെറുപ്പത്തിൽ എന്റെ വലത് കണ്ണിന് കാഴ്‌ചയില്ലായിരുന്നു. ഇടത് കണ്ണിന് മാത്രമേ കാഴ്‌ചയുണ്ടായിരുന്നുളളൂ. പിന്നീട് ശസ്‌ത്രക്രിയയിലൂടെ കണ്ണ് മാറ്റി വച്ചു.ഇപ്പോഴും ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. ദൈവം പ്രശ്‌നങ്ങളിലൂടെ കടത്തിവിടുന്നത് അത് തരണം ചെയ്യാൻ ധൈര്യമുളള മനുഷ്യരെ മാത്രമാണെന്നും അതിനാൽ ജീവിതത്തിൽ തളരാതെ മുന്നോട്ട് പോവണമെന്നും” റാണ പറഞ്ഞു.

ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പതറി നിൽക്കുന്ന ഒരുപാട് പേർക്ക് പ്രചോദനമാവുന്നതാണ് റാണയുടെ ഈ വാക്കുകൾ. ഇന്ന് ലോകമറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് റാണ. ബാഹുബലിക്കൊത്ത വില്ലനായി പ്രേക്ഷകരുടെ കൈയ്യടി നേടിക്കഴിഞ്ഞിരിക്കുകയാണ് റാണയുടെ ബല്ലാലദേവയെന്ന കഥാപാത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ