ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡിലേക്കാണ് എസ്എസ് രാജമൗലി ചിത്രം ബാഹുബലിയുടെ കുതിപ്പ്. കോടികളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പ്രഭാസ് അടക്കമുള്ള താരങ്ങള്‍ കൈപറ്റിയതെങ്കിലും ഇത് എത്ര കോടിയാണെന്നത് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ബാഹുബലിയായി അഭിനയിച്ച പ്രഭാസ് ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കൈയില്‍ ചില്ലിക്കാശില്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സംവിധായകന്‍ രാജമൗലി വെളിപ്പെടുത്തുന്നു.

ബാഹുബലിക്ക് വേണ്ടി അഞ്ച് വര്‍ഷം നീക്കിവെച്ച പ്രഭാസ് മറ്റ് ചിത്രങ്ങളുടെ കരാറില്‍ ഒന്നും തന്നെ ഒപ്പും വെച്ചില്ല. അഞ്ച് വര്‍ഷത്തേക്ക് മറ്റ് ചിത്രങ്ങള്‍ ഒന്നിനും തന്നെ ഡേറ്റ് കൊടുക്കാതിരുന്ന പ്രഭാസിന്റെ കൈയില്‍ അന്നൊന്നും നയാപൈസ ഉണ്ടായിരുന്നില്ലെന്ന് രാജമൗലി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

“ഒന്നിന് പിറകെ ഒന്നായി മൂന്ന് ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ പ്രഭാസിന്റെ വീട്ടിന് മുമ്പില്‍ നിര്‍മ്മാതാക്കള്‍ ക്യൂ നിന്നു. എന്നാല്‍ പ്രഭാസ് ബാഹുബലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നിര്‍മ്മാതാക്കളോട് ഒന്നും ആവശ്യപ്പെടരുതെന്നും പണമോ മറ്റോ സ്വീകരിക്കരുതെന്നും പ്രഭാസ് അദ്ദേഹത്തിന്റെ മാനേജര്‍ക്കും നിര്‍ദേശം നല്‍കി”, രാജമൗലി വ്യക്തമാക്കി.

Read More: മൂന്നാം ദിനത്തിലും ബാഹുബലി 2 കളക്ഷൻ റെക്കോർഡുകൾ തകർത്തു; 500 കോടി കടന്നു

“ബാഹുബലിയില്‍ പ്രതിഫലമായി നല്‍കാമെന്ന് പറഞ്ഞ തുകയും പ്രഭാസിന് കിട്ടിയിട്ടുണ്ടായിരുന്നില്ല. അന്ന് നിര്‍മ്മാതാക്കള്‍ പണവും ചെക്കുകളുമായി പ്രഭാസിനെ കാണാന്‍ എത്തുമായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞാണ് പലരും അദ്ദേഹത്തെ സമീപിച്ചത്. അന്ന് പരിഭ്രമിച്ച് പോയ ബാഹുബലി താരം തന്നെ വിളിച്ച് എന്ത് ചെയ്യണമെന്ന് ചോദിച്ചതായും രാജമൗലി പറഞ്ഞു. എന്നാല്‍ ഈ കടം തനിക്ക് വീട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രഭാസ് വന്ന നിര്‍മ്മാതാക്കളെ മടക്കി അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു പരസ്യത്തില്‍ അഭിനയിച്ചാല്‍ 10 കോടി രൂപ പ്രതിഫലം നല്‍കാമെന്നും അന്ന് പ്രഭാസിന് ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ അതും അദ്ദേഹം നിരസിച്ചു. എങ്ങനെ കള്ളം പറയണമെന്ന് പോലും പ്രഭാസിന് അറിയില്ല. കാരണമില്ലാതെ ഒരാളെ വേദനിപ്പിക്കാനും പ്രഭാസിനാവില്ല. ആളുകള്‍ വേദനിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടാത്തയാളാണ് പ്രഭാസെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

ചിത്രീകരണവേളയില്‍ വളരെ കഠിനാധ്വാനിയായ പ്രഭാസ് വ്യക്തിജീവിതത്തില്‍ വലിയൊരു മടിയനാണെന്നും രാജമൗലി പറഞ്ഞു. പ്രഭാസിനെ പോലെ ഇത്രയും അർപ്പണ ബോധമുളള ഒരു നടനെ താൻ കണ്ടിട്ടില്ലെന്ന് രാജമൗലി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു കഥാപാത്രത്തിനായി മൂന്ന് വർഷത്തിൽ കൂടുതൽ ചെലവഴിക്കാൻ തയാറുളള ഒരു നടനെ എനിക്ക് കാണിച്ചു തരൂവെന്നാണ് രാജമൗലി പറഞ്ഞത്. “ഛത്രപതി എന്ന സിനിമയ്ക്ക് ശേഷമാണ് ഞങ്ങളിരുവരും ഇത്രയും അടുത്തത്. എന്റെ സുഹൃത്തായതിൽ ഞാൻ പ്രഭാസിന് നന്ദി പറയുന്നു- രാജമൗലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ