കൊച്ചി: ഡബ്ല്യുസിസി നടത്തിയ വാർത്താ സമ്മേളനത്തിനിടെ നടത്തിയ പ്രസ്താവനകളിൽ നടിയും സഹസംവിധായികയുമായ അർച്ചന പദ്‌മിനിക്കെതിരെ നിയമ നടപടിക്കില്ലെന്ന് ഫെഫ്‌ക. അർച്ചനയോട് മോശമായി പെരുമാറിയ ഷെറിൻ സ്റ്റാൻലി ഇപ്പോഴും സിനിമ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഇത്.

“ഷെറിൻ സ്റ്റാൻലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്തുണ്ടായി എന്ന് വ്യക്തമല്ല. ഷെറിൻ സ്റ്റാൻലിയെ തിരികെ ജോലിക്കെടുത്ത സംഭവത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയോട് വിശദീകരണം ചോദിക്കും. ഫെഫ്ക ഷെറിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്.” അർച്ചനയ്ക്ക് എതിരെ നിയമ നടപടിക്കില്ലെന്ന കാര്യം വ്യക്തമാക്കി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

മമ്മൂട്ടി ചിത്രം ‘പുളളിക്കാരൻ സ്റ്റാറാ’ സെറ്റിൽ വച്ച് മോശം അനുഭവം നേരിട്ടെന്നാണ് അർച്ചന പദ്മിനി എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്. അർച്ചന പദ്മിനി താൻ നേരിട്ട ദുരനുഭവം വിവരിച്ച് ഇ-മെയിൽ വഴി പരാതി അയച്ചിരുന്നുവെന്നും, ആ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. നടപടി എടുത്തില്ലെന്ന അർച്ചനയുടെ വാദം ശുദ്ധകള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അർച്ചനയ്ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“അർച്ചനയുടെ പരാതി ലഭിച്ചപ്പോൾ തന്നെ ഒരു സംഘടനയിലും അംഗമല്ലാതായിരുന്നിട്ട് കൂടി, അവരെ ഓഫീസിലേയ്ക്ക് ഞങ്ങൾ വിളിച്ചു വരുത്തി. എനിക്ക് പുറമെ സിബി മലയിൽ, സോഹൻ സിനു ലാൽ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും കുറ്റാരോപിതനായ ഷെറിന്‍ സ്റ്റാന്‍ലിയും ഉണ്ടായിരുന്നു. ഇതൊരു ക്രിമിനൽ കുറ്റമായതിനാൽ പൊലീസ് കേസാക്കാം എന്നാണ് അന്ന് ഞങ്ങൾ അവരോട് പറഞ്ഞത്. എന്നാൽ നിയമനടപടിക്ക് താത്പര്യമില്ല, സംഘടന നടപടി മാത്രം മതിയെന്ന് അവർ വ്യക്തമാക്കുകയായിരുന്നു,” ഉണ്ണികൃഷ്ണൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook