മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായിനിന്ന് താനും ആന്റോ ജോസഫുമെല്ലാം ചെയ്ത തെറ്റുകളുടെ തിരുത്തൽ കൂടിയാണു ‘സ്റ്റാൻഡ് അപ്പ്’ എന്ന് സംവിധായകനും നിർമാ താവും ഫെഫ്കയുടെ ചുമതലക്കാരനുമായ ബി. ഉണ്ണികൃഷ്ണൻ. വിധു വിൻസന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ നിർമാതാക്കൾ കൂടിയാണ് ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും.
വിധു വിൻസന്റ് തനിക്ക് സ്ക്രിപ്റ്റ് വായിക്കാൻ തന്നിരുന്നു. വായിച്ചശേഷം താൻ അതേക്കുറിച്ച് യാതൊരു അഭിപ്രായവും പറഞ്ഞില്ല. സിനിമയ്ക്ക് പുരുഷ സെൻസറിങ് ഉണ്ടാകരുതെന്ന് നിർബന്ധമുള്ളതിനാലാണ് അഭിപ്രായം പറയാതിരുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താനോ ആന്റോ ജോസഫോ ഒരു തവണ പോലും സിനിമയുടെ സെറ്റിലേക്ക് പോയിട്ടില്ല. ഈ ചിത്രം പൂർണമായും സംവിധായികയുടേതാണ്. അതിൽ തങ്ങൾ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അർഥവത്തായ സംവാദങ്ങളും കൂട്ടായ്മകളും സിനിമയിൽ ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അതിന്റെ വൈരുദ്ധ്യം എന്നത്, താൻ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങൾ ചെയ്തുണ്ടാക്കിയ പണമാണ് ഈ ചിത്രത്തിലേക്ക് നൽകിയിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ആന്റോ ജോസഫും ഉണ്ണികൃഷ്ണനും തട്ടുപൊളിപ്പൻ സിനിമകൾ ചെയ്താൽ മാത്രമേ സ്റ്റാൻഡ് അപ്പ് പോലുള്ള സിനിമകൾ ഇവിടെ ഉണ്ടാകൂ. തങ്ങൾ പൊളിറ്റിക്കലി ഇൻകറക്ട് ആയിക്കൊണ്ടേ ഇരിക്കും, എന്നാൽ നിങ്ങൾ പൊളിറ്റിക്കലി കറക്ട് ആയിരിക്കും എന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
Read More: സമയമാകുന്നത് വരെ കാത്തിരിക്കണം, തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍; സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍
“സിനിമയിൽ ഹീറോ ഇല്ല, മറിച്ച് രണ്ട് സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് സ്റ്റാൻഡ് അപ്പ് എന്ന് വിധു തന്നോട് പറഞ്ഞു. അതു താൻ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ‘സിനിമയിൽ മമ്മൂട്ടിയോ മോഹൻലാലോ ഒന്നുമല്ല, കഥയാണ് ഹീറോ’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം,” ആന്റോ ജോസഫ് പറഞ്ഞു. വിധു വിൻസന്റ് ഒരുക്കിയിരിക്കുന്ന സിനിമ തങ്ങൾ പ്രതീക്ഷിച്ചതിനുമൊക്കെ എത്രയോ മുകളിലാണെന്നും ഇനിയും വിധുവിന്റെ സിനിമകൾ നിർമിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തിയായി നിമിഷ ചിത്രത്തില്‍ എത്തുന്നു. കീര്‍ത്തിയുടെ ജീവിതത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ടോബിന്‍ തോമസിന്റേതാണ്. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും നിർവഹിക്കുന്നു. നിമിഷയ്ക്കും രജിഷയ്ക്കുമൊപ്പം അര്‍ജുന്‍ അശോകന്‍, പുതുമുഖം വെങ്കിടേശ്, സീമ, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.