ഡ്രൈവിങ്ങ് വളരെയധികം ഇഷ്‌ടപ്പെടുന്ന താരമാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. താരത്തിന്റെ ഡ്രൈവിങ്ങ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.ഓസ്ട്രേലിയൻ പാതകളിലൂടെ കാറോടിക്കുന്ന താരത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.
നടൻ അസീസ്സ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് സഹതാരങ്ങൾക്കൊപ്പം ഡ്രൈവ് ചെയ്‌തു പോകുകയാണ് മമ്മൂട്ടി. “മനോഹരമായ യാത്രയിൽ മനോഹരമായ സംഗീതവും കേട്ട് , മമ്മൂക്കയുടെ കൂടെ” എന്നാണ് അസീസ്സ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. ‘അസീസ്സിന്റെ ഒരു ഭാഗ്യം’ എന്നാണ് വീഡിയോയ്ക്ക് താഴെ ഉയരുന്ന കമന്റ്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മമ്മൂട്ടി ഡ്രൈവ് ചെയ്‌ത് ഒപ്പം ലെക്കേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ അസീസ്സ് ഷെയർ ചെയ്‌തിരുന്നു.
ആന്തോളജി ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ വേണുഗോപാൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ക്രിസ്റ്റഫർ’ ആണ് അവസാനമായി റിലീസിനെത്തിയ മമ്മൂട്ടി ചിത്രം. മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈൻ ടോം ചാക്കോ, ശരത് കുമാർ, സിദ്ദിഖ്, അമല പോൾ തുടങ്ങിയ വലിയ താരനിര തന്നെ ‘ക്രിസ്റ്റഫറി’ലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തിയത്.