സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിലെ നടുക്കത്തിലാണ് കേരളം. പറഞ്ഞ് തീർക്കാൻ ഏറെ കഥകൾ ബാക്കി വെച്ച്, നാൽപ്പത്തിയെട്ടാം വയസ്സിൽ സച്ചി വിട പറയുമ്പോൾ ഒരുപിടി നല്ല സിനിമകൾക്ക് നന്ദി പറയുകയാണ് മലയാളികൾ. മലയാളസിനിമയ്ക്ക് പുത്തൻ ഉണർവ്വു നൽകിയ സിനിമകളിൽ ഒന്നായിരുന്നു സച്ചി ഒടുവിൽ സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’.
‘അയ്യപ്പനും കോശി’യിലൂടെ അട്ടപ്പാടിയിൽ നിന്നും ഒരു നല്ല ഗായികയെ കൂടിയാണ് സച്ചി കണ്ടെടുത്തത്, നഞ്ചമ്മ. ‘കലക്കാത്താ സന്ദനമേരം’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന നഞ്ചമ്മ സച്ചിയെ ഓർക്കുകയാണ്, സച്ചിയെ കുറിച്ചുളള ഓർമകൾ പങ്കിടുമ്പോൾ സങ്കടം സഹിക്കാനാവാതെ വിതുമ്പിക്കരയുകയാണ് നഞ്ചമ്മ.
ആട് മാട് മേച്ച് നടന്ന തന്നെ നാലാൾ അറിയുന്ന ഒരാളാക്കി മാറ്റിയ സച്ചി സാറിനോടുള്ള സ്നേഹവും ഓർമകളും കണ്ണീരോടെയല്ലാതെ നഞ്ചമ്മയ്ക്ക് പറയാൻ കഴിയുന്നില്ല. “എന്നെ നാട് മക്കള് തെരിയമാതിരി വെച്ച് സാറ്,” നെഞ്ചമ്മ പറയുന്നു.
മകനെപോലെയായിരുന്നു നഞ്ചമ്മയ്ക്ക് സച്ചി. നഞ്ചമ്മയോടും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു സച്ചി. മുൻപും പാട്ടുകൾ പാടുമെങ്കിലും ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പാടിയതോടെയാണ് നഞ്ചമ്മ പ്രശസ്തയാവുന്നത്. ‘കലക്കാത്താ സന്ദനമേരം’ എന്ന പാട്ട് തെന്നിന്ത്യ മുഴുവന്‍ ഏറ്റെടുത്തിരുന്നു. ഈ പാട്ടോടെ അട്ടപ്പാടി സ്വദേശിനിയായ നഞ്ചമ്മയും മലയാളികളുടെ ഹൃദയം കീഴടക്കി.
Read more: സച്ചിയ്ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സച്ചിയുടെ അന്ത്യം. ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്കും മസ്തിഷ്ക മരണത്തിലേക്കും നയിക്കുകയായിരുന്നു. സച്ചിയുടെ അകാലവിയോഗത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായവര്‍ അനുശോചനം രേഖപ്പെടുത്തി.