ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പിതാവും ജ്യോതിഷുമായ പി ഖുറാന അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ മൊഹാലിയിൽ വച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമടഞ്ഞത്.
ജ്യോതിഷിയായ അച്ഛനാണ് തന്റെ ഈ വ്യത്യസ്തമായ സ്പെല്ലിങ്ങിനു പിന്നിലെന്ന് ആയുഷ്മാൻ ഒരിക്കൽ പറഞ്ഞിരുന്നു. പേരിലുള്ള രണ്ടു N, രണ്ടു R എന്നിവ പിതാവിന്റെ സംഭാവനയാണെന്നാണ് താരം പറഞ്ഞത്. “ഞാൻ ജനിക്കുന്നതിനു മുൻപു തന്നെ എന്റെ അച്ഛൻ ഒരു ജ്യോതിഷിയായിരുന്നു. എന്നാൽ ഈ സ്പെല്ലിങ്ങിലുള്ള ട്രെൻഡ് വളരെ വൈകിയാണ് രാജ്യത്തു വന്നത്, പ്രത്യേകിച്ചും മുബൈയിൽ”
തന്റെ സഹോദരന്റെ പേരിലെ സ്പെല്ലിങ്ങ് പക്ഷെ വളരെ നോമലാണെന്നും കാരണം ന്യൂമറോളജി പ്രകാരം ആ പേര് ശരിയാണെന്നും ആയുഷ്മാൻ പറഞ്ഞിരുന്നു. “എനിക്കു വേണ്ടിയും ന്യൂമറോളജി ശരിയായ പേരുകൾ അവർ നോക്കിയിരുന്നു. പക്ഷെ കണ്ടെത്താനായില്ല. ആ സമയത്തെല്ലാം വളരെ ലളിതമായ പേരുകളാണ് കിട്ടിയതും, എന്നാൽ ആയുഷ്മാൻ ഏറെ പ്രത്യേകതയുള്ള പേരുമാണ്” താരത്തിന്റെ വാക്കുകളിങ്ങനെ.
“ആയുഷ്മാൻ, അപർശക്തി ഖുറാനയുടെ പിതാവും ജ്യോതിഷിയുമായ പി ഖുറാൻ ഇന്ന് രാവിലെ 10.30 ന് മൊഹാലിയിൽ വച്ച് അന്തരിച്ചു. ഞങ്ങളുടെ വ്യക്തിപരമായ നഷ്ടത്തിൽ പങ്കുച്ചേർന്നവർക്കും പ്രാർത്ഥിച്ചവരോടും നന്ദി പറയുന്നു” എന്നാണ് താരങ്ങളുടെ പ്രതിനിധി പറഞ്ഞത്.
സഹോരങ്ങളും താരങ്ങളുമായ ആയുഷ്മാനും അപർശക്തിയും പിതാവിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ സ്വപ്നത്തിനൊപ്പം പിതാവെന്നും കൂടെ നിന്നിട്ടുണ്ടെന്നും ഇരുവരും പലയാവർത്തി പറഞ്ഞിട്ടുണ്ട്.