scorecardresearch

ശ്രീരാമനെയും രാവണനെയും മോശമായി ചിത്രീകരിച്ചു; ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യം

ശ്രീരാമനെയും ഹനുമാനെയും രാവണനെയും ചിത്രത്തിൽ തെറ്റായാണ് ചിത്രീകരിക്കുന്നതെന്നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ആരോപിക്കുന്നത്

ശ്രീരാമനെയും രാവണനെയും മോശമായി ചിത്രീകരിച്ചു; ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യം

ബോളിവുഡ് ചിത്രം ‘ആദിപുരുഷ്’ഉടനടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ശ്രീരാമനെയും ഹനുമാനെയും രാവണനെയും ചിത്രത്തിൽ തെറ്റായാണ് ചിത്രീകരിക്കുന്നതെന്ന് സത്യേന്ദ്ര ദാസ് ആരോപിച്ചു. ആദിപുരുഷിന്റെ ഒരു മിനിറ്റ് നാൽപ്പത്തിയാറ് സെക്കന്റ് നീളം വരുന്ന ടീസർ ഞായറാഴ്ച അയോധ്യയിൽ ലോഞ്ച് ചെയ്തതിനു പിന്നാലെയാണ് ചിത്രത്തിനെതിരെ പല ദിക്കുകളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നത്.

രാവണനെ ചിത്രീകരിച്ച രീതി ഒട്ടും അംഗീകരിക്കാനാവില്ലെന്നും ചിത്രം ഉടനടി ബാൻ ചെയ്യണമെന്നുമാണ് വാർഷിക വിജയ രഥയാത്രയിൽ പങ്കെടുക്കാനെത്തിയ അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരിയായ സത്യേന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞത്. ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയുടെ സംവിധായകനായ ഓം റൗട്ടിന്റെ സംവിധാനത്തിൽ രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ രാമായണത്തിലേതിൽ നിന്നും വിഭിന്നമായാണ് രാമനെയും ഹനുമാനെയും ചിത്രീകരിക്കുന്നതെന്നും സത്യേന്ദ്ര ദാസ് കൂട്ടിച്ചേർത്തു.

“ഇത്തരം വിവാദങ്ങൾ ബോധപൂർവം സൃഷ്ടിക്കപ്പെടുകയാണ്, സിനിമ ചെയ്യുന്നത് ഒരിക്കലും കുറ്റകരമല്ല എന്നാൽ മനപ്പൂർവം വിവാദങ്ങൾ സൃഷ്ടിക്കുവാനായി സിനിമകൾ ചിത്രീകരിക്കുന്നത് മോശകരമാണെന്ന്,” ശാസ്ത്ര പൂജയിൽ പങ്കെടുക്കാനെത്തിയ ബിജെപി എംപി ബ്രിജ് ഭൂഷൺ സിംഗും അഭിപ്രായപ്പെട്ടു.

ബാഹുബലി താരം പ്രഭാസ് രാമനായി വേഷമിടുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ പത്തു തലയുള്ള ലങ്കേഷ് എന്ന അസുര രാജാവിന്റെ വേഷം ചെയ്യുന്നു. രാമായണം സീരിയലില്‍ സീതയായി ശ്രദ്ധനേടിയ ദിപികാ ചിഖലിയയും ആദിപുരുഷിലെ രാവണ കഥാപാതത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. താടിയും ഉഗ്രമായ കണ്ണുകളുമുള്ള സെയ്ഫിന്റെ രാവണ ലുക്ക്, മുഗളന്‍മാരെപ്പോലെ തോന്നിക്കുന്നുവെന്നും പ്രേക്ഷകരുടെ വികാരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാനിക്കണമെന്നും ദിപിക പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ayodhya ram temple head priest demands immediate ban on adipurush