തെന്നിന്ത്യയിലെ താരറാണിയാണെങ്കിലും നയൻതാര പലപ്പോഴും സിംപിൾ ലുക്കിലാണ് പൊതുവിടങ്ങളിൽ എത്താറുള്ളത്. ഇത്തരത്തിൽ വഴിയോരത്തുനിന്നും ബാഗ് വാങ്ങിക്കുന്ന നയൻതാരയാണ് ഫാൻസ് പേജുകളിൽ നിറയുന്നത്. നയൻതാരയെന്ന സെലിബ്രിറ്റിയെ അല്ല, മറിച്ച് സാധാരണക്കാരിയായ ഒരു പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാനാവുക.
ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗിന്റെ വില ചോദിക്കുന്നതെന്നാണ് മനസിലാവുന്നത്. വെളള ചുരിദാറാണ് വേഷം. നെറ്റിയിൽ വലിയ പൊട്ട്. മാസ്ക് ധരിച്ചിട്ടുണ്ട്. വളരെ സിംപിൾ ലുക്കിലാണ് താരമുള്ളത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് വീഡിയോ പകർത്തിയിട്ടുള്ളത്. എന്നാണ് വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.
രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയൻതാരയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോൾ നയൻതാര അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് നായകൻ.