ശ്രീനിവാസന് വേണ്ടി ശശിപ്പാട്ട് പാടി മകൻ വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ പ്രധാന കഥാപാത്രമായെത്തുന്ന അയാൾ ശശി എന്ന ചിത്രത്തലാണ് വിനീത് ശ്രീനിവാസൻ പാടിയിരിക്കുന്നത്.

പാട്ടിന്റെ വിഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത് നൃത്തം ചെയ്യുകയും തമാശ പറയുകയും ചെയ്യുന്ന ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസൻ പാട്ട് റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്.ശശിപ്പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് കഥാകൃത്തും കവിയുമായ വി.വിനയകുമാറാണ്. സംഗീതം നൽകിയിരിക്കുന്നത് ബേസിൽ സി.ജെയും. ഇതാദ്യമായല്ല വിനീത് അച്ഛനായ ശ്രീനിവാസന്റെ ചിത്രത്തിൽ പാടുന്നത്. 2005 ൽ പുറത്തിറങ്ങിയ ഉദയനാണ് താരത്തിലെ വിനീത് പാടി ശ്രീനിവാസൻ അഭിനയിച്ച കരളേ കരളിന്റെ കരളേ മലയാളത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു. മകന്റെ അച്ഛൻ, പദ്‌മശ്രീ ഭരത് ഡോക്‌ടർ സരോജ് കുമാർ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുമുണ്ട്.

ശ്രീനിവാസൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ കൊച്ചു പ്രേമൻ, മറിമായത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായ ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്‌ണൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സജിൻ ബാബുവാണ് അയാൾ ശശി സംവിധാനം ചെയ്യുന്നത്. പിക്‌സ് എൻ. ടേൽസിന്റെ ബാനറിൽപി.സുകുമാർ, സുധീഷ് എൻ.പിളള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെയിൽ ചിത്രം പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ