ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’. ലോകസിനിമയിൽ തന്നെ മികച്ച വിജയം നേടിയ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് അവഞ്ചേഴ്സ്. ‘ടൈറ്റാനിക്കി’ന്റെ റെക്കോർഡിനെ തറപ്പറ്റിച്ചാണ് ‘അവഞ്ചേഴ്സ്’ റെക്കോർഡ് ഇട്ടിരിക്കുന്നത്. ‘അവഞ്ചേഴ്സി’ന്റെ വിജയത്തെ പ്രകീർത്തിച്ച് സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കാമറൂണിന്റെ തന്റെ ‘അവതാർ’ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
— James Cameron (@JimCameron) May 9, 2019
‘അവഞ്ചേഴ്സ്’ വന്നിടിക്കുമ്പോൾ ടൈറ്റാനിക് മുങ്ങിപ്പോവുന്നതായി പ്രതിനിധാനം ചെയ്യുന്ന ഒരു ലോഗോ ഷെയർ ചെയ്തു കൊണ്ടാണ് കാമറൂൺ ‘അവഞ്ചേഴ്സി’ന്റെ വിജയത്തെ അനുമോഗിച്ചത്. “അവഞ്ചേഴ്സ് നിർമ്മാതാക്കൾക്കും മാർവൽ ടീമിനും, ഒരു മഞ്ഞുമലയാണ് യഥാർത്ഥ ടൈറ്റാനിക്കിനെ മുക്കിയത്. എന്റെ ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് മുക്കിയിരിക്കുന്നു. ലൈറ്റ്സ്റ്റോം എന്റർടെയിൻമെന്റിലെ എല്ലാവരും നിങ്ങളുടെ നേട്ടത്തെ അഭിനന്ദിക്കുന്നു. സിനിമാ ഇൻഡസ്ട്രി മറ്റെന്തിനേക്കാളും വലുതാണെന്ന് നിങ്ങൾ ഒരിക്കൽ കൂടി കാണിച്ചു തരുന്നു,” എന്നായിരുന്നു കാമറൂണിന്റെ വാക്കുകൾ.
കാമറൂണിന്റെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ട് മാർവൽ ഫാൻസും രംഗത്തുണ്ട്. വിനയത്തോടെയുള്ള കാമറൂണിന്റെ പ്രതികരണത്തിന് നന്ദി പറയുന്നതിനൊപ്പം ‘അവതാറി’ന്റെ വരാനിരിക്കുന്ന ഭാഗത്തിന് ആശംസകളും നേരാൻ മാർവൽ ഫാൻസ് മടിച്ചില്ല. ‘അവതാറി’ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് ജെയിംസ് കാമറൂൺ ഇപ്പോൾ.
രണ്ടാഴ്ച കൊണ്ട് 2.2 ബില്യൺ ഡോളറാണ് ചിത്രം കളക്റ്റ് ചെയ്തത്. ടൈറ്റാനിക്കിന്റെ ഇതുവരെയുള്ള കളക്ഷൻ 2.1 ബില്യൺ ഡോളറായിരുന്നു. നിലവിൽ 2.78 ബില്യൺ റെക്കോർഡ് കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ള കാമറൂൺ ചിത്രം ‘അവതാറി’നോടാണ് അവഞ്ചേഴ്സിന്റെ ഇനിയുള്ള മത്സരം.
ഏതാണ്ട് 35.6 കോടി യുഎസ് ഡോളര്‍ (2500 കോടിയോളം ഇന്ത്യന്‍ രൂപ) മുതല്‍മുടക്കിലൊരുക്കിയ ചിത്രമാണ് ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ നിന്നും മികച്ച ഇനിഷ്യലും ചിത്രം നേടിയിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏപ്രിൽ 26 ന് ഇന്ത്യയിലെ 2,845 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ആദ്യ ദിനം ചൈനയിൽ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം’ ചൈനയിൽ കളക്ട് ചെയ്തത്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗം കൂടിയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ നൽകുന്നത്.
Read more: Avengers Endgame release: താനോസിനെ നേരിടാൻ അവസാനക്കളിയ്ക്ക് ഒരുങ്ങി അവഞ്ചേഴ്സ്