ലോകസിനിമയിൽ തന്നെ മികച്ച വിജയം നേടിയ ആദ്യ ചിത്രമെന്ന വിശേഷണം ഇനി അവഞ്ചേഴ്സിനു സ്വന്തം. ബോക്സ് ഓഫീസിൽ തേരോട്ടം തുടർന്ന അവഞ്ചേഴ്സ് ജെയിംസ് കാമറൂണിന്റെ അവതാറിനെയും പിന്നിലാക്കിയാണ് ഒന്നാമനായിരിക്കുന്നത്. മാർവൽ സ്റ്റുഡിയോസിന്റെ ചീഫ് കെവിൻ ഫെയ്ഗ് ആണ് ഈ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. മുൻപ് ‘ടൈറ്റാനിക്കി’ന്റെ റെക്കോർഡിനെയും അവഞ്ചേഴ്സ് മറികടന്നിരുന്നു.
‘ടൈറ്റാനിക്കി’ന്റെ റെക്കോർഡിനെ തറപ്പറ്റിച്ച് ‘അവഞ്ചേഴ്സ്’ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ‘അവഞ്ചേഴ്സി’ന്റെ വിജയത്തെ പ്രകീർത്തിച്ച് സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ രംഗത്തെത്തിയിരുന്നു. ‘അവഞ്ചേഴ്സ്’ വന്നിടിക്കുമ്പോൾ ടൈറ്റാനിക് മുങ്ങിപ്പോവുന്നതായി പ്രതിനിധാനം ചെയ്യുന്ന ഒരു ലോഗോ ഷെയർ ചെയ്തു കൊണ്ടാണ് കാമറൂൺ ‘അവഞ്ചേഴ്സി’ന്റെ വിജയത്തെ അനുമോദിച്ചത്. “അവഞ്ചേഴ്സ് നിർമ്മാതാക്കൾക്കും മാർവൽ ടീമിനും, ഒരു മഞ്ഞുമലയാണ് യഥാർത്ഥ ടൈറ്റാനിക്കിനെ മുക്കിയത്. എന്റെ ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് മുക്കിയിരിക്കുന്നു. ലൈറ്റ്സ്റ്റോം എന്റർടെയിൻമെന്റിലെ എല്ലാവരും നിങ്ങളുടെ നേട്ടത്തെ അഭിനന്ദിക്കുന്നു. സിനിമാ ഇൻഡസ്ട്രി മറ്റെന്തിനേക്കാളും വലുതാണെന്ന് നിങ്ങൾ ഒരിക്കൽ കൂടി കാണിച്ചു തരുന്നു,” എന്നായിരുന്നു കാമറൂണിന്റെ വാക്കുകൾ. ഇപ്പോൾ കാമറൂണിന്റെ തന്നെ ചിത്രമായ ‘അവതാറി’ന്റെ ബോക്സ് ഓഫീസ് റെക്കോർഡുകളെയും ‘അവഞ്ചേഴ്സ്’ ഭേദിച്ചിരിക്കുകയാണ്.
— James Cameron (@JimCameron) May 9, 2019
2.78 ബില്യൺ റെക്കോർഡ് കളക്ഷൻ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂൺ ചിത്രം ‘അവതാർ’. ആ റെക്കോർഡാണ് ‘അവഞ്ചേഴ്സ്’ മറികടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ‘ടൈറ്റാനിക്കി’ന്റെ ഇതുവരെയുള്ള കളക്ഷൻ 2.1 ബില്യൺ ഡോളറാണ്. അതേസമയം, അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബർ 17 നോടെ റിലീസിനെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ജെയിംസ് കാമറൂൺ. ‘അവതാർ 2’ ന് ബോക്സ് ഓഫീസിൽ മത്സരിക്കാനുള്ളതും ഇനി ‘അവഞ്ചേഴ്സി’നോടാവും.
ഏതാണ്ട് 35.6 കോടി യുഎസ് ഡോളര്‍ (2500 കോടിയോളം ഇന്ത്യന്‍ രൂപ) മുതല്‍മുടക്കിലൊരുക്കിയ ചിത്രമാണ് ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള മാര്‍ക്കറ്റുകളില്‍ നിന്നും മികച്ച ഇനിഷ്യലും ചിത്രം നേടിയിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏപ്രിൽ 26 ന് ഇന്ത്യയിലെ 2,845 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ആദ്യ ദിനം ചൈനയിൽ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് ‘അവഞ്ചേഴ്സ് എന്‍ഡ് ഗെയിം’ ചൈനയിൽ കളക്ട് ചെയ്തത്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗം കൂടിയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ നൽകുന്നത്.
Read more: Avengers Endgame release: താനോസിനെ നേരിടാൻ അവസാനക്കളിയ്ക്ക് ഒരുങ്ങി അവഞ്ചേഴ്സ്