ജെയിംസ് കാമറോൺ എന്ന വിഖ്യാത സംവിധായകന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് അവതാർ. ദൃശ്യ വിസ്മയം കൊണ്ട് സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച സിനിമ. അവതാറിന്റെ ആദ്യഭാഗം പുറത്തിറങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് ചിത്രത്തിന്റെ 4 ഭാഗങ്ങളാണ്.

അവതാറിന്റെ 2, 3 ഭാഗങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. രണ്ടാം ഭാഗം 2019 ഓടെ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ നാലാം ഭാഗത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ വെളിപ്പെടുത്തിയിരിക്കുകയാണ് ജെയിംസ് കാമറോൺ. വടക്കൻ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിലെ നവി ഗ്രാമമാണ് അവതാർ 4 ഒരുക്കുന്നതിനായി കാമറോൺ തിരഞ്ഞെടുത്തത്.

എസ്റ്റോണിയൻവേൾഡ് എന്ന വെബ്സ‌ൈറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘എന്റെ പഴയൊരു സുഹൃത്ത് ഈ ഗ്രാമത്തിലെ ചില നാടോടി കഥകൾ പറഞ്ഞുതന്നു. അതിലെ ഗോത്രവിഭാഗങ്ങൾക്ക് അവതാർ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളുമായി സാമ്യമുളളതായി തോന്നി. പഴയ എസ്റ്റോണിയൻ ജനതയുടെ ദൈവം പ്രകൃതിയാണ്. വനദൈവത്തെയാണ് അവർ ആരാധിച്ചിരുന്നത്. അതിനാലാണ് അവതാർ 4 അവിടെ ചിത്രീകരിക്കാമെന്ന് തീരുമാനിച്ചത്. സുഹൃത്ത് പറയുന്നതിനു മുൻപ് എസ്റ്റോണിയയെക്കുറിച്ച് എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല” കാമറോൺ പറഞ്ഞതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ലൊക്കേഷൻ വെളിപ്പെടുത്തിയെങ്കിലും അവതാർ 4 സ്ക്രീനിൽ കാണാൻ വർഷങ്ങൾ ഇനിയും കാത്തിരിക്കണം. 2024 ൽ അവതാർ 4 പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ