ലോക സിനിമയിലെ തന്നെ വിസ്‌മയമായ ജെയിംസ് കാമറൂണിന്റെ അവതാറിന്റെ രണ്ടാം ഭാഗമെത്താൻ ഇനിയും കാത്തിരിക്കണം. ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം സെപ്‌റ്റംബർ- ഒക്ടോബറിനോടടുപ്പിച്ചേ തുടങ്ങുവെന്ന് നായിക സിഗേർണി വീവർ ഒരഭിമുഖത്തിൽ പറഞ്ഞു.

ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അവതാറിന്റെ പുതിയ വിശേഷങ്ങൾ സിഗേർണി വീവർ പങ്ക് വെച്ചത്. അവതാർ ടീം തയാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ട്രെയിനിങ് ആരംഭിച്ചു. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്നും വീവർ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ആശ്ചര്യപ്പെടുത്തുന്നതാണെന്നും വളരെയധികം ആഗ്രഹങ്ങളുളള കഥാപാത്രത്തിന് ജീവൻ നൽകുന്നതാണ് തന്നെ അസ്വസ്ഥയാക്കുന്നതെന്നും വീവർ കൂട്ടിചേർത്തു.

കാഴ്‌ചയുടെ പുതിയൊരു വിസ്‌മയം തീർത്ത ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ അവതാർ. സിനിമാ പ്രേമികളുടെ മനം കവർന്ന അവതാർ ലോക സിനിമയിലെ തന്നെ മികച്ച സിനിമകളിലൊന്നായിരുന്നു.

നേരത്തെ 2017ൽ അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററിലെത്തുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംവിധായകൻ നിഷേധിച്ചിരുന്നു. അവതാർ 2018ൽ പ്രദർശനത്തിനെത്തില്ലെന്ന് സംവിധായനായ ജെയിംസ് കാമറൂൺ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “അവതാർ രണ്ടിനെ കൂടാതെ മൂന്നും നാലും അഞ്ചു ഭാഗങ്ങളും എത്തുന്നുണ്ട്. ഇതൊരു ബൃഹത്തായ സിനിമയാണ്. നാലര വർഷമാണ് ഒരു ചിത്രത്തിനായി എടുത്തത്. ഇപ്പോൾ നാലു ചിത്രങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്.”- ജെയിംസ് കാമറൂൺ പറഞ്ഞു.

സാം വർത്തിങ്ടൺ, സോ സാൽഡന എന്നിവരാണ് അവതാറിലെ മറ്റു പ്രധാന വേഷത്തിലെത്തുന്ന താരങ്ങൾ. സാങ്കേതികമായി അവതാറിന്റെ ആദ്യ പതിപ്പിനേക്കാൾ ഗംഭീരമായിരിക്കും ഇനി വരുന്ന ഭാഗങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ