ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപെന്നിന്റെ വിജയത്തിന്‌ ശേഷം സംവിധായകന്‍ ഷാനില്‍ മുഹമ്മദ്‌ സംവിധാനം ചെയ്‌ത അവരുടെ രാവുകള്‍ ജൂണ്‍ 24-ന്‌ തിയേറ്ററുകളിലെത്തും. വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ എത്തിച്ചേരുന്ന മൂന്ന്‌ യുവാക്കളും തുടന്ന്‌ അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്ന സ്‌കൊബോ ജോണ്‍സ്‌ എന്ന മനുഷ്യന്‍ അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറുന്നതുമാണ്‌ അവരുടെ രാവുകളുടെ കഥാ സന്ദര്‍ഭം.

ആസിഫ്‌ അലി, ഉണ്ണി മുകുന്ദന്‍, വിനയ്‌ ഫോര്‍ട്ട്‌ എന്നിവരാണ്‌ മൂന്ന്‌ യുവാക്കളെ അവതരിപ്പിക്കുന്നത്‌. സ്‌കൊബോ ജോണ്‍സായി നെടുമുടി വേണുവാണ്‌ വേഷമിടുന്നത്‌. ഹണി റോസാണ്‌ ചിത്രത്തിലെ നായിക. അന്തരിച്ച അജയ്‌ കൃഷ്‌ണനാണ്‌ ചിത്രം നിര്‍മിച്ചത്‌.

നിര്‍മാതാവിന്റെ ആകസ്‌മിക മരണം കനത്ത ആഘാതം സൃഷ്ടിച്ചെന്ന്‌ സംവിധായകന്‍ ഷാനില്‍ പറയുന്നു. എന്നാല്‍ അതിനേക്കാള്‍ വേദനിപ്പിച്ചത്‌ അദ്ദേഹം ചിത്രം കണ്ട്‌ നിരാശനായി ആത്മഹത്യ ചെയ്‌തതാണെന്ന പ്രചാരണമാണെന്നും ഷാനില്‍ പറയുന്നു. ”ചിത്രത്തെ പെട്ടിയിലൊതുക്കാനുള്ള ചിലരുടെ തന്ത്രമായിരുന്നു ആ ദുഷ്‌പ്രചാരണങ്ങള്‍. അജയ്‌യുടെ മരണത്തെത്തുടര്‍ന്ന്‌ മറ്റൊരു നിര്‍മാതാവ്‌ ചിത്രം വാങ്ങിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ചിത്രം അജയ്‌യുടെ പേരില്‍ തന്നെ പുറത്തിറങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആഗ്രഹം,” ഷാനില്‍ പറഞ്ഞു.

സോപാനം എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌ വിഷ്‌ണു നാരായണനാണ്‌. ശങ്കര്‍ ശര്‍മയാണ്‌ സംഗീത സംവിധാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook