അനുശ്രീ എന്ന നടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ‘ഓട്ടര്‍ഷ.’ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയ നായികയുടെ കഥ പറയുന്ന ചിത്രം. നായക കേന്ദ്രീകൃതമായ മലയാള സിനിമയില്‍ ഇത്തരത്തില്‍ നായികാ കേന്ദ്രീകൃതമായ ഒരു ചിത്രം ‘റെററ്റി’ തന്നെയാണ്. നായികാ കേന്ദ്രീകൃതമായ സിനിമകള്‍ വിരളമായി ഉണ്ടാകുമ്പോള്‍ തന്നെ, കച്ചവട സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള നായക-അഭിനേതാക്കളുടെ സാന്നിധ്യങ്ങളും അതില്‍ മിക്കവയിലും ഉണ്ടാകാറുണ്ട്.  ‘ഓട്ടര്‍ഷ’യില്‍ അതില്ല. അത് കൊണ്ട് തന്നെയാണ് ഈ സിനിമ ശ്രദ്ധയര്‍ഹിക്കുന്നതും. എന്നാല്‍, താരബലമില്ലാതെ, ഒരു അഭിനേത്രിയുടെ മാത്രം സാന്നിദ്ധ്യം കൊണ്ട് ഒരു സിനിമയ്ക്ക് ബോക്സ്ഓഫീസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ? ഇതേ സംശയങ്ങള്‍ തന്നെ തനിക്കും ഉണ്ടായിരുന്നു എന്ന് അനുശ്രീ പറയുന്നു.

“സംവിധായകന്‍ സുജിത്തേട്ടന്‍ തന്നെയാണ് ‘ഓട്ടര്‍ഷ’യിലേക്ക് വിളിച്ചത്. കഥ കേട്ടപ്പോള്‍ തന്നെ നല്ലൊരു കഥാപാത്രമാണ് എന്നും പെര്‍ഫോം ചെയ്യാന്‍ ഉണ്ട് എന്നും മനസ്സിലായി. പക്ഷേ ആദ്യം ഒന്ന് ബാക്ക്ഔട്ട്‌ അടിച്ചു. കാരണം നായകന്റെ സപ്പോര്‍ട്ട് ഇല്ല, അറിയപ്പെടുന്ന മറ്റു മുഖങ്ങള്‍ ഇല്ല. സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ഓട്ടര്‍ഷ മാത്രം.  അതൊക്കെ കണക്കിലെടുത്തപ്പോള്‍ ടെന്‍ഷന്‍ ആയി.

എങ്ങനെ ഇത് ചെയ്യും, നിര്‍മ്മാതാക്കളെ കിട്ടുമോ, കിട്ടിയാല്‍ തന്നെ അതിനു ശേഷം എങ്ങനെ മാര്‍ക്കെറ്റ് ചെയ്യും…. എന്റെ മുഖം മാത്രം വച്ച് തിയേറ്ററില്‍ ആള് കയറുമോ എന്നൊക്കെ ആലോചിച്ചു. അത്രയ്ക്കൊരു റിസ്ക്കൊന്നും ഏറ്റെടുക്കാറായിട്ടില്ല അല്ലെങ്കില്‍ ഞാന്‍ കാരണം പ്രൊഡ്യൂസേര്‍സിനോ ഡയറക്ടര്‍സിനോ ഒരു ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ല എന്നൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. സുജിത്തേട്ടനോട്‌ ഞാനിത് പറയുകയും ചെയ്തു. അദ്ദേഹമാണ് പ്രോത്സാഹിപ്പിച്ചത്.

അനിത എന്ന എന്റെ കഥാപാത്രം ചന്തപ്പുരയിലെ ഓട്ടര്‍ഷ ഡ്രൈവര്‍ ആണ്. കുറേ ആണ്‍ഡ്രൈവേര്‍സിനിടയില്‍ ഒരു പെണ്‍കുട്ടി. ബാഹ്യമായ സൗന്ദര്യം പോലെയുള്ള ഒന്നിനും പ്രാധാന്യം നല്‍കാതെ പെരുമാറുന്ന പെണ്‍കുട്ടിയാണവള്‍. അവളെക്കുറിച്ച് അവള്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. അവളുടെ ജോലി ചെയ്യുന്നു, എല്ലാവരുടേയും കൂടെ നില്‍ക്കുന്നു, സഹായിക്കുന്നു… അങ്ങനെ ഒരു സാധാരണ ഓട്ടോക്കാരി”.

Read More: Autorsha Movie Review: നായിക ഓടിച്ചു തിയേറ്ററില്‍ എത്തിക്കുന്ന സിനിമ

സുജിത് വാസുദേവ് സിനിമാറ്റോഗ്രാഫര്‍ കൂടി ആയതു കൊണ്ട് തിരക്കഥയില്‍ പറയുന്ന കാര്യം ഫ്രെയിമില്‍ എങ്ങനെ വരും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചിത്രീകരണത്തില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്നും അനുശ്രീ പറയുന്നു. ഓട്ടോറിക്ഷാ ഓടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ‘റിഗ്ഗും’ അഭിനയത്തില്‍ തന്നെ വലിയ അളവില്‍ സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

” 360 ആംഗിളില്‍ ഷിഫ്റ്റ്‌ ചെയ്യാന്‍ പറ്റുന്ന ഒരു റിഗ് ഓട്ടോയില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അത് ഓട്ടോയ്ക്ക് ചുറ്റും എപ്പോഴും മൂവ് ചെയ്തു കൊണ്ടിരിക്കും. സാധാരണ വണ്ടികളില്‍ റിഗ് ഘടിപ്പിച്ച് ഷൂട്ട്‌ ചെയ്യുമ്പോള്‍ ആദ്യം ഒരു ഭാഗത്ത്‌ റിഗ് വച്ച്, ആ ആംഗിളില്‍ ഉള്ളത് മുഴുവന്‍ ഷൂട്ട്‌ ചെയ്യും, എന്നിട്ട് അടുത്ത ആംഗിള്‍ ചെയ്യും. ഇത് അങ്ങനെയല്ല. ഒരു ആക്ടര്‍ എന്നുള്ള നിലയില്‍ നിങ്ങള്‍ക്ക് പെര്‍ഫോര്‍മെന്‍സിനെ ധാരാളം സഹായിക്കുന്ന ഒന്നാണ് ഈ 360 റിഗ്. മലയാളത്തില്‍ ഇതാദ്യമായാണ് എന്ന് തോന്നുന്നു ഇത്തരത്തില്‍ ഒരു റിഗ്”.

എന്നാല്‍ ഇതൊക്കെയുണ്ടാകുമ്പോഴും താന്‍ അഭിനയിച്ച മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍, ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കിയ ചിത്രമാണ് ‘ഓട്ടര്‍ഷ’ എന്നും അനുശ്രീ പറയും.

“കാരണം എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പേര്‍ഫോം ചെയ്യുമ്പോള്‍ നന്നായി ചെയ്യണം, കാരണം നമ്മളെത്തന്നെയേ എല്ലാരും കാണുള്ളൂ, എന്നൊക്കെയുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഈ സിനിമയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ചാലഞ്ച്, ഞാന്‍ തനിയേ ആയിപ്പോയി എന്നതാണ്. ജോലി ചെയ്യാന്‍ കൂടെ ഒരു മൂന്നു പേര്‍ ഉണ്ടാവുമ്പോള്‍ അത് ഷെയര്‍ ചെയ്തു പോകുമല്ലോ. ഇത് അങ്ങനെയല്ല. ജോലി കൂടുന്നു എന്ന് പറയുമ്പോഴും നന്നായിത്തന്നെ ചെയ്യണം എന്ന ഒരു ആഗ്രഹവുമുണ്ടായിരുന്നു”.

 

സിനിമ അനുശ്രീയ്ക്ക് ഉയര്‍ത്തിയ മറ്റൊരു വെല്ലുവിളി ഓട്ടോ ഓടിക്കുക എന്നതായിരുന്നു. അതും താന്‍ തരണം ചെയ്തു എന്നും ഇനി ഇതു പാത്രിരാത്രിയ്ക്ക് വേണമെങ്കിലും ധൈര്യമായി ഓട്ടോയില്‍ പോകും എന്നും അനുശ്രീ വെളിപ്പെടുത്തി.

“ഞാന്‍ ടൂവീലര്‍ ഓടിക്കും. അത് കൊണ്ട് പെട്ടന്ന് ഓടിക്കാന്‍ പറ്റും എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ ഓടിച്ചപ്പോള്‍ അത്ര എളുപ്പമായിട്ട് തോന്നിയില്ല. സുജിത്തേട്ടന്റെ ഭാര്യ മഞ്ജു ചേച്ചി ഒരു സിനിമയ്ക്ക് വേണ്ടി ഓട്ടോ ഓടിച്ചിരുന്നു. അവരുമൊക്കെ ധൈര്യം തന്നു. അങ്ങനെ ഞാനും കസിന്‍സും കൂടി പരിചയമുള്ള ഒരു ഡ്രൈവിംഗ് സ്കൂളില്‍ പോയി രണ്ടു ദിവസം അവിടുത്തെ ഓട്ടോ എടുത്തിട്ട് പഠിച്ചു. അതിനു ശേഷം ലൊക്കേഷനില്‍ ചെന്നിട്ടു ആദ്യം ചെറിയ ചെറിയ സീനുകള്‍ ചെയ്തു. പിന്നൊരു ദിവസം കണ്ണൂര്‍ ടൌണിലേക്ക് ഇറക്കിയങ്ങോട്ടു വിട്ടു. അതൊരു അനുഭവം തന്നെയായിരുന്നു. ഇപ്പോള്‍ ഏതു രാത്രിയിലും, എത്ര മോശം റോഡിലൂടെയും ഞാന്‍ ധൈര്യമായിട്ട് ഓട്ടോയില്‍ പോകും. അത്രയ്ക്ക് കോണ്‍ഫിഡെന്‍സ് ആയി.

കേരളത്തില്‍ ഓട്ടോ ഓടിക്കുന്ന സ്ത്രീകളെ ശ്രദ്ധിച്ചു തുടങ്ങിയതും ഈ സിനിമയ്ക്ക് തയ്യാറെടുത്തു തുടങ്ങിയത് മുതലാണ്‌. അവരുടെ മാനറിസങ്ങള്‍, അവരുടെ ജീവിതശൈലി അങ്ങനെ പലതും. വലിയ ബഹുമാനം തോന്നി, കാരണം സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹത്തിന്റെ പുറത്തു ഓട്ടോ ഓടിക്കുമ്പോഴും, വീട്ടുകാര്യങ്ങള്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ എല്ലാം എത്ര ഭംഗിയായിട്ടാണ് അവര്‍ ചെയ്യുന്നത്”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook