Autorsha Movie Review: ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കഥ പറഞ്ഞ, ഓട്ടോ കഥാപാത്രമായി വരുന്ന സിനിമകൾ മലയാളികൾക്ക് പുത്തരിയില്ല. ‘ഏയ് ഓട്ടോ’ മുതലിങ്ങോട്ട് ഈ മുച്ചക്രവാഹനവും അതിനു ചുറ്റും കറങ്ങുന്ന ജീവിതങ്ങളിലേക്കും ഫോക്കസ് ചെയ്യപ്പെട്ട എത്രയോ സിനിമകൾ! എന്നാൽ ആ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് അനുശ്രീയുടെ ‘ഓട്ടർഷ’.

കണ്ണൂരിലെ ചന്തപ്പുര ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഒരു സുപ്രഭാതത്തിൽ അനിത എന്ന പെൺകുട്ടിയും അവളുടെ ഓട്ടർഷയും മുച്ചക്രങ്ങളിൽ ഉരുണ്ടു വരികയാണ്, വണ്ടിയെ തൊട്ടു തൊഴുത് അവൾ തന്റെ പ്രയാണം തുടങ്ങുന്നു. പ്രണയിക്കാൻ, തൊട്ടുരുമ്മിയിരിക്കാൻ സ്ഥലം തിരയുന്ന കൗമരക്കാരും അപകടം പറ്റിയ കുട്ടിയും മറവിക്കാരും വിഭ്രാന്തിക്കാരനും ചെറുകിട കച്ചവടക്കാരും സ്കൂൾ കുട്ടികളും ഫ്രീക്കൻമാരും കുടുംബിനികളും എന്നു തുടങ്ങി രാത്രിയുടെ മറവിൽ ജീവിതവഴികൾ കണ്ടെത്തുന്നവരും വരെ ആ യാത്രയിൽ അവളുടെ ഒാട്ടോറിക്ഷയിൽ കയറിയിറങ്ങി പോവുന്നു.  ആ യാത്രയ്ക്കിടെയെല്ലാം ‘റിയർ വ്യൂ മിററിൽ’ തെളിയുന്ന അനിതയുടെ മഷിയെഴുതാത്ത, വിളറിയ കണ്ണുകളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ‘നിഗൂഢത’യുണ്ട്. ആ നിഗൂഢതയുടെ ചുരുളുകൾ അഴിക്കുകയാണ് സിനിമ. അതിൽ അനിത നേരിട്ട ചതിയും പ്രതികാരവുമെല്ലാമുണ്ട്.

സിനിമാറ്റിക് ആയൊരു പ്രസന്റേഷനേക്കാൾ ഒരു ഓട്ടോ കവലയിൽ കാണുന്നത്ര സ്വാഭാവികതയോടെയാണ് സംവിധായകനായ സുജിത്ത് വാസുദേവ് ചിത്രമൊരുക്കിയിരിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ വിരളമെന്നു തന്നെ പറയാവുന്ന മലയാള സിനിമയിൽ, നായികയെ കേന്ദ്രീകരിച്ച് സിനിമ ചെയ്യാൻ കാണിച്ച ധൈര്യത്തിന് സംവിധായകൻ കൈയ്യടി അർഹിക്കുന്നു.

ഒറ്റയ്ക്കൊരു സിനിമയെ മുന്നോട്ട് കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അനുശ്രീ ഏറ്റെടുത്തിരിക്കുന്നത്. തനി കണ്ണൂർ ഭാഷ സംസാരിക്കുന്ന അനിതയെന്ന പെൺകുട്ടിയായി, അവളുടെ അതിജീവനവും കുസൃതികളും വേദനകളും കനിവുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച് അനുശ്രീ കാഴ്ചക്കാരുടെ ഹൃദയം കവരും. അനുശ്രീയുടെ പ്രകടനം തന്നെയാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. അനുശ്രീയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ‘ഒാട്ടർഷ’യിൽ കാണാനാവുക.

അനുശ്രീയ്‌ക്കൊപ്പം തന്നെ രാഹുൽ മാധവും ടിനി ടോമും അപർണ ജനാർദ്ദനനും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഫെയിം ശിവദാസ് കണ്ണൂരും വിനോദ് പുതുരുത്തിയും സുഭീഷുമെല്ലാം മികവോടെ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകത്തിലൂടെ ശ്രദ്ധേയരായ നാടക കലാകാരൻമാരുടെയും തുടക്കക്കാരുടെ പതർച്ചകളില്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരായി സ്ക്രീനിൽ ജീവിച്ച പുതുമുഖങ്ങളുടെയും അഭിനയം എടുത്തു പറയേണ്ടതുണ്ട്.

കഥയുടെ രസച്ചരട് പൊട്ടാതെ സൂക്ഷിക്കുന്നതില്‍ ചിലയിടത്തൊക്കെ സിനിമ പാളി പോകുന്നുണ്ടെങ്കിലും അഭിനേതാക്കളുടെ സ്വാഭാവികമായ അഭിനയം മുഷിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോവും. തമാശകളും സസ്‌പെൻസും ഓട്ടോക്കാർക്കിടയിലെ സൗഹൃദവുമെല്ലാം വേണ്ടും വിധം ചേർത്തു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മറിമായം എന്ന’ ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒന്നു കൂടി പോളിഷ് ചെയ്തെടുത്തിരുന്നെങ്കിൽ കുറച്ചുകൂടി ഹൃദയസ്പർശിയാവുമായിരുന്നു കഥാമുഹൂർത്തങ്ങൾ എന്നു തോന്നി. കണ്ണൂർ ഭാഷയുടെ പ്രത്യേകതയേയും ഭംഗിയേയും നല്ല രീതിയിൽ തന്നെ സിനിമ ഉപയോഗപ്പെടുത്തുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണമാണ് ഏറെ മികവു പുലർത്തുന്ന മറ്റൊരു എലമെന്റ്. പ്രത്യേകിച്ചും ഓട്ടോയ്ക്ക് അകത്തുനിന്നുള്ള ഷോട്ടുകൾക്ക് എല്ലാം നല്ല ഫ്രഷ്നെസ്സ് ഫീൽ ചെയ്യുന്നുണ്ട്. സുജിത്ത് വാസുദേവ് തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. മോഹൻദാസ് ദാമോദർ, സുജിത്ത് വാസുദേവ്, ലെനിൻ വർഗ്ഗീസ് എന്നിവർ സംയുക്തമായി നിർമ്മിച്ച ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ലാൽജോസിന്റെ എൽജെ ഫിലിംസ് ആണ്.

രണ്ടു മണിക്കൂർ കണ്ടിരിക്കാവുന്ന, ദ്വയാർത്ഥ പ്രയോഗങ്ങളോ, മനസ്സു മടുപ്പിക്കുന്ന മസാല ചേരുവകളോ ഒന്നുമില്ലാത്ത ഒരു കുഞ്ഞു സിനിമയാണ് ‘ഓട്ടർഷ’. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ധൈര്യമായി തന്നെ ഈ ‘ഒാട്ടർഷ’യിൽ കയറാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook