ആരാധകർ ഏറെ കാത്തിരിക്കുന്ന ടോവിനോ തോമസ് നായകനാകുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഓഡിയോ ലോഞ്ച് കലൂർ ഐഎംഎ ഹാളിൽ നടന്നു.മധുപാൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നിമിഷാ സജയൻ, അനു സിത്താര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഓഡിയോ ലോഞ്ച് നടത്തിയത് സംവിധായകന്‍ ജോഷിയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയ ശ്രീകുമാരന്‍ തമ്പിയും സംഗീതം നിർവ്വഹിച്ച ഔസേപ്പച്ചനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടൊവീനോ തോമസ്, അനുസിത്താര, നിമിഷ എന്നിവരെ കൂടാതെ ചിത്രത്തിലെ നിരവധി താരങ്ങളും പിന്നണി ഗായകരും ഒാഡിയോ ലോഞ്ചിൽ പങ്കെടുത്തു.
സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ‘തലപ്പാവ്’,’ഒഴിമുറി’ എന്നീ സിനിമകൾക്ക് ശേഷം മധു പാൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. അതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഈ ചിത്രം. ഇതാദ്യമായാണ് മധുപാലും ടോവിനോ തോമസും ഒന്നിക്കുന്നത്.
ജീവൻ ജോബ് തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ക്രൈം ത്രില്ലർ സിനിമയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’ . വി സിനിമാസിന്റെ ബാനറിലാണ് ചിത്രം പുറത്തിറക്കുന്നത്.സിദ്ദിഖ്, ബാലു വർഗ്ഗീസ്,ദിലീഷ് പോത്തൻ,നെടുമുടി വേണു,സുജിത്ത് ശങ്കർ,മാലാ പാർവതി,സുധീർ കരമന ,ശ്വേതാ മേനോൻ എന്നിവർ ശ്രദ്ധേയമായ വേഷങ്ങൾ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
നവംബർ 9-നാണ് ഒരു കുപ്രസിദ്ധ പയ്യൻ തിയറ്ററുകളിലേക്ക് എത്തുന്നത്.