തിങ്കളാഴ്ചയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിന്റെയും കൂട്ടുകാരി ആതിയ ഷെട്ടിയുടെയും വിവാഹം. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ. സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
ബോളിവുഡ് നടിയായ ആതിയയും രാഹുലും നാലു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.രാഹുൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത വിവാഹചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘നീയേകിയ പ്രകാശത്തിലാണ് ഞാൻ പ്രണയിക്കാൻ പഠിച്ചത്,’ ചിത്രങ്ങൾ ഷെയർ ചെയ്ത് രാഹുൽ കുറിക്കുന്നു.
2015ൽ സൂരജ് പഞ്ചോളി ചിത്രമായ ഹീറോയിലൂടെ ആയിരുന്നു ആതിയ ഷെട്ടിയുടെ അരങ്ങേറ്റം. നവാസുദ്ദീൻ സിദ്ദിഖിയ്ക്കൊപ്പം 2019ൽ പുറത്തിറങ്ങിയ മോട്ടിച്ചൂർ ചക്നച്ചൂറിലാണ് ആതിയ അവസാനമായി അഭിനയിച്ചത്.