യുവ മലയാളി സംവിധായകന്‍ പ്രശാന്ത് വിജയ്‌ക്ക് ലണ്ടനിലെ  യുകെ ഏഷ്യൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.  ‘അതിശയങ്ങളുടെ വേനൽ’ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ്  പ്രശാന്ത് വിജയ് അവാര്‍ഡ്‌ കരസ്ഥമാക്കിയത്.

 

മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയിലും, കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിലും ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഇന്ത്യയ്ക്കുപുറത്തുള്ള ആദ്യ പ്രദർശനമായിരുന്നു ലണ്ടനിലേത്. മുഖ്യ കഥാപാത്രമായ ആനന്ദായി ബാലതാരം ചന്ദ്രകിരണിന്‍റെ അഭിനയനത്തിന് 2017ലെ സംസ്ഥാന അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു.

റെയ്ന മരിയ, ആര്യ മണികണ്ഠൻ, ജീത് മിനിഫെൻസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  അദൃശ്യനാവാനുള്ള ഒരു ഒന്‍പതുവയസുകാരന്‍റെ അതിയായ ആഗ്രഹവും അതു നേടാനുള്ള അവന്‍റെ യത്നങ്ങളോട് ചുറ്റുമുള്ളവരുടെ പ്രതികരണവുമാണ് ചിത്രത്തിന്‍റെ പ്രമേയം.

എച്ച് ജി വെൽസിന്‍റെ “ഇൻവിസിബിൾ മാൻ” ആണ് ആനന്ദിന്‍റെ പരീക്ഷണങ്ങളുടെ ബൈബിൾ. അദൃശ്യനാവാനുള്ള വെൽസിന്‍റെ കേന്ദ്ര കഥാപാത്രമായ ഗ്രിഫിന്‍റെ തീയറിയെ ആനന്ദ് അതേപടി പകർത്തുകയാണ്. തുടക്കത്തിലെ അടക്കാനാവാത്ത ആഗ്രഹത്തിൽ നിന്ന് അദൃശ്യതയുടെ നൈതികതയിലേക്ക്, അതിന്റെ ധാർമ്മികതയിലേക്ക് ഒക്കെ ഗ്രിഫിനെ പോലെ ആനന്ദ് എത്തുന്നുണ്ട്. ചിലപ്പോഴൊക്കെ മുതിർന്നവരുടെ ഭാഷയിലും മറ്റു ചിലപ്പോൾ കുട്ടികളെപ്പോലെ തന്നെയും അവൻ അദൃശ്യതയിലേക്കുള്ള തന്‍റെ യാത്രകളെ പ്രകടമാക്കുന്നു.

അതിശയങ്ങളുടെ വേനലിനെക്കുറിച്ച് ബ്രിനോജ് വി എഴുതിയ ആസ്വാദനം വായിക്കാം

എന്നാല്‍ ‘അതിശയങ്ങളുടെ വേനൽ’ ഒരു കുട്ടികളുടെ സിനിമ അല്ല എന്ന് ഐഇ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പ്രശാന്ത് വിജയ്‌ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

“കുട്ടികളുടെ സിനിമ എടുക്കാനല്ല ഞങ്ങൾ ഇറങ്ങി തിരിച്ചത്. കുട്ടി മുഖ്യ കഥാപാത്രമാണ് എന്നു മാത്രം. സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കുമ്പോൾ പലരും അത്തരമൊരു വിഭാഗത്തിൽ ഒതുക്കി കാണാൻ നോക്കി. പ്രത്യേകിച്ച്‌ ഇന്ത്യയിലുള്ള ഒരു ശീലമാണെന്നു തോന്നുന്നു ഇത്. കുട്ടിയാണ് നായക കഥാപാത്രമെങ്കിൽ കുട്ടികളുടെ സിനിമയായിട്ടാണ് അതിനെ കണക്കാക്കുക. അത് മറികടക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. വായിക്കുമ്പോഴാണ് മനസിലാകുന്നത് കുട്ടികളുടെ സിനിമയുടെ അത്രയും സന്തോഷിപ്പിക്കുന്ന ഒന്നല്ല. അത്തരം സിനിമകളിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഒന്നുമല്ല ഇതിൽ ഉള്ളത് എന്ന്. ഒരു തരത്തിലും കുട്ടികളുടെ സിനിമയായല്ല ഞങ്ങൾ ഉദ്ദേശിച്ചത്. അങ്ങനെ വായിക്കാതിരിക്കുക എന്നൊക്കെ പറയേണ്ടി വന്നു. ചിത്രത്തിന്‍റെ ‘റഫ് കട്ട്’ സംഗീത സംവിധായകൻ ബേസിലിനെ കാണിച്ചപ്പോൾ ബേസിൽ എന്നോട് പറഞ്ഞത് ഇതൊരു കുട്ടികളുടെ സിനിമയോ സന്തോഷകരമായ ഒരു സിനിമയോ അല്ല, കുറച്ചു ഡാർക് ആയ ഒരു സിനിമയാണ് അതുകൊണ്ട് ഞാൻ അതുപോലുള്ള സംഗീതമായിരിക്കും ചെയ്യുന്നത് എന്ന്. ഞാൻ സമ്മതിക്കുകയും ചെയ്തു.

പ്രശാന്ത് വിജയ്‌

അങ്ങനെ അദ്ദേഹത്തിന് ഞങ്ങൾ ഉദ്ദേശിക്കുന്ന കാര്യം മൊത്തമായും കിട്ടിയതു കൊണ്ടാണ് ബേസിലിനെ സംഗീത സംവിധായകനായി ഉറപ്പിക്കുന്നത്. മുതിർന്നവരെ ഉദ്ദേശിച്ചു തന്നെയുള്ള സിനിമയാണിത്. ഇത് കണ്ടവർ പറഞ്ഞത് രണ്ടു കാര്യങ്ങളാണ് – അവരുടെ കുട്ടിക്കാലം ഓർമപ്പെടുത്തി എന്നും ഞങ്ങൾ കുട്ടിക്കാലത്ത് ചെയ്തതും സ്വന്തം കുട്ടികളോട് ഇപ്പോഴും ചെയ്യുന്നതുമായ കാര്യങ്ങളാണ് ഇതിലുള്ളത് എന്നും. കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടല്ല സിനിമ ചെയ്തതെങ്കിലും റിയലിസത്തിന്‍റെ അംശം ഉള്ളതുകൊണ്ടായിരിക്കാം സിനിമ കണ്ട കുറച്ചു കുട്ടികൾക്കും ഇത് രസിക്കുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള ചെറിയ അടികളും മറ്റും നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയല്ലേ ഇത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. അത്തരം അവതരണങ്ങൾ മലയാളത്തിൽ വളരെ കുറവാണ്. അതുകൊണ്ടുള്ള ഒരു പുതുമയായിരിക്കാം ഒരുപോലെ കുട്ടികളെയും മുതിർന്നവരെയും ആകർഷിച്ചത്. സിനിമയിൽ വ്യത്യസ്തത കൊണ്ട് വരാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല. കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നും കഥ പറയാൻ ശ്രമിച്ചു എന്നല്ലാതെ. ഈ ചിത്രം വളരെ സൂക്ഷ്മമായാണ് കാര്യങ്ങൾ പറയുന്നത്, വിശദീകരണം കുറവാണ് മാത്രവുമല്ല ഊന്നൽ കൊടുത്തു കൊണ്ട് ഒന്നും തന്നെ പറയുന്നുമില്ല.”

പ്രശാന്ത്‌ വിജയ്‌ അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം

‘അതിശയങ്ങളുടെ വേനല്‍’ ചിത്രീകരണം

നിഖിൽ നരേന്ദ്രനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനീഷ് പള്ള്യാല്‍ സംവിധായകനോടൊപ്പം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത‌സംവിധാനം ബേസിൽ സി.ജെ ആണ്. ഛായാഗ്രാഹകര്‍ അമിത് സുരേന്ദ്രൻ, ഉദയ് തങ്കവേൽ എന്നിവരാണ്. എഡിറ്റിങ് ജിജി ജോസഫ്. സന്ദീപ് മാധവവും ജിജി ജോസഫും ചേർന്ന് സിങ്ക് സൗണ്ട് നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനിങ് ചെയ്തിരിക്കുന്നത് ടി.കൃഷ്ണനുണ്ണി, സന്ദീപ്‌ മാധവന്‍, ജിജി ജോസഫ് എന്നിവരാണ്.  നന്ദൻ കലാസംവിധാനം നിർവഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ