Athiran Official Trailer:ഫഹദ്-സായി പല്ലവി ജോഡി ഒരുമിക്കുന്ന ‘അതിരന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ടീസറിന്റെ പാതയില്‍ നിഗൂഢത നിറച്ചു തന്നെയാണ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ഒരു മാനസികാരോഗ്യ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആകാംഷയും ഭയവും ജനിപ്പിക്കുന്ന ത്രില്ലറായിരിക്കും ‘അതിരന്‍’ എന്നുറപ്പാണ്.
ഫഹദിന് പുറമെ സായി പല്ലവി, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുരഭി, നന്ദു, സുദേവ്, രഞ്ജി പണിക്കര്‍, തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ട്രെയിലര്‍ സമ്പന്നമാണ്. നവാഗതനായ വിവേകാണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരന്‍.