Fahad Faasil Sai Pallavi starrer ‘Athiran’ Movie Review: ഫഹദ് ഫാസില്‍ നായകനാകുന്ന സൈക്കോ ത്രില്ലര്‍, ‘കലി’യ്ക്ക് ശേഷം സായി പല്ലവി മലയാളത്തില്‍ തിരികെ എത്തുന്ന ചിത്രം. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, സുരഭി, നന്ദു, ലെന തുടങ്ങിയ പ്രതിഭാധനരായ താരനിര. അഹങ്കരിക്കാന്‍ തക്കതെല്ലാം ‘അതിര’നിലുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗാനവും പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് പോലൊരു ചിത്രമായിരുന്നില്ല ടീസറിലും ട്രെയിലറിലും കണ്ടത്. അമ്പരപ്പും ഭയവും ആകാംഷയും ജനിപ്പിക്കുന്നതായിരുന്നു ‘അതിര’ന്റെ ടീസറും ട്രെയിലറും.
ആദ്യ രംഗം മുതല്‍ നിഗൂഢത പാകിയ പാതയിലൂടെയാണ് ‘അതിരന്’ സഞ്ചരിച്ചു തുടങ്ങുന്നത്. വനമേഖലയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എം കെ നായര്‍ (ഫഹദ് ഫാസില്‍) എന്ന ഡോക്ടര്‍ പരിശോധനയ്ക്ക് എത്തുന്നത് മുതലാണ് ചിത്രം ആരംഭിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എം കെ നായര്‍ വരുന്നത്.
ഗോവാക്കാരാനായ ഡോക്ടര്‍ ബെഞ്ചമിനാണ് (അതുല്‍ കുല്‍ക്കര്‍ണി) പ്രേതഭവനത്തെ ഓര്‍മ്മിപ്പിക്കുന്ന ആ മാനസികാരോഗ്യ കേന്ദ്രം നടത്തുന്നത്. പഴയൊരു കൊട്ടരം പിന്നീട് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിത്യയെ (സായി പല്ലവി) എം കെ നായർ കാണുന്നതും അവളെ അവിടുന്ന് രക്ഷപ്പെടുത്താനുളള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഒരു സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സസ്പെന്‍സും ആക്ഷനുമെല്ലാം നിറഞ്ഞൊരു ത്രില്ലറാണ് ‘അതിര’നെന്ന് പറയാം. തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രം അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടേയും കഥാ വ്യതിയാനങ്ങളിലൂടേയും ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കും. ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് അതിന്റെ താരനിര തന്നെയാണ്. ഫഹദ്, അതുല്‍, സായി പല്ലവി എന്നിവരുടെ പ്രകടനങ്ങളാണ് അതിരന്റെ നട്ടെല്ല്.
എം കെ നായരെന്ന ഡോക്ടറായി ഫഹദ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. അതുല്‍ കുല്‍ക്കര്‍ണിയും ഫഹദും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങള്‍ രണ്ട് അസാധ്യ നടന്മാര് അഭിനയത്തിലെ ഒതുക്കം കൊണ്ടും ആഴം കൊണ്ടും മനോഹരമാക്കുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമായ നിത്യയെ അവതരിപ്പിക്കുന്നതില്‍ സായി പല്ലവി കാഴ്ചവെക്കുന്ന സൂക്ഷ്മത അതിശയിപ്പിക്കുന്നതാണ്. ഓട്ടിസത്തിലൂടെ കടന്നു പോകുന്ന നിത്യയുടെ നടപ്പിലും നോട്ടത്തിലുമെല്ലാം സായി പുലര്‍ത്തിയ സൂക്ഷ്മത വ്യക്തമാണ്. അതേ സമയം തന്നെ കളരി രംഗമുള്പ്പടെയുള്ള ആക്ഷന്‍ രംഗങ്ങളിലും സായി പല്ലവി ഞെട്ടിക്കുന്നുണ്ട്. സായി-ഫഹദ് കെമിസ്ട്രിയും പുതുമ പകരുന്നൊരു അനുഭവമാണ്.
Read more: മെയ്വഴക്കവും കരളി അടവുകളും കൊണ്ട് വിസ്മയിപ്പിച്ച് സായ് പല്ലവി
ആരും കൊതിക്കുന്നൊരു താരനിരയും ആരേയും പിടിച്ചിരുത്തുന്നൊരു കഥാ സന്ദര്ഭവുമുണ്ടായിട്ടും ‘അതിരന്’ പൂര്‍ണതയില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്ന് പറയാം. പ്രേക്ഷകരുടെ ചിന്തയ്ക്ക് അപ്പുറത്തുള്ള രംഗങ്ങളിലൂടെ അവരെ ഞെട്ടിക്കുന്നതാണ് ത്രില്ലറുകളുടെ രീതി. അതു കൊണ്ട് തന്നെ ആവശ്യത്തില്‍ കൂടുതല്‍ ഡീറ്റെയ്ലിങ് സസ്പെന്സിന്റെ മുനയൊടിക്കുകയും പ്രേക്ഷകര്‍ക്ക് എത്തിപ്പെടാനാക്കുന്നതുമാക്കും. ഇവിടെയാണ് ‘അതിരന്’ ഒരടി പിന്നോട്ട് പോകുന്നത്.
ആദ്യ രംഗത്തില്‍ തന്നെ സ്വാഭാവികമായ ബില്‍ഡ് അപ്പുകള്‍ക്ക് നില്‍ക്കാതെ നന്ദു അവതരിപ്പിക്കുന്ന പാചകക്കാരനിലൂടെ ആശുപത്രിയും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും അവിടെ നടക്കുന്ന അസ്വാഭാവിക സംഭവങ്ങളുമെല്ലാം പറയുന്നുണ്ട്. ഈയൊരു പാറ്റേണ്‍ മിക്കയിടത്തും ചിത്രം പിന്തുടരുന്നതായി കാണാം. മിക്ക കഥാപാത്രങ്ങളുടേയും ഡയലോഗുകള്‍ ഒരേ സമയം ആകാംഷ ഉണര്‍ത്തുകയും എന്താണ് അടുത്തതായി നടക്കാന്‍ പോകുന്നതെന്ന സൂചന നല്‍കുകയും ചെയ്യുന്നു. ഇത് ചിത്രത്തെ കുറേയൊക്കെ പ്രവചനീയമാക്കുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളെ ഒരു പരിധി വരെ ശരിവക്കുന്നതാണ് ചിത്രം. അന്താരാഷ്ട്ര ചിത്രങ്ങളുടെ പ്രോചദനം ഉള്‍കൊള്ളുന്ന ഇന്ത്യന്‍ സിനിമകള്‍ നമ്മള് ധാരാളമായി കണ്ടിട്ടുണ്ട്. പക്ഷെ അതേസമയം തന്നെ സ്വന്തമായൊരു ‘വ്യക്ത്വിത്വം’ ഉണ്ടാവുക എന്നതാണ് ഒറിജിനലില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്. ആ വ്യക്തിത്വമാണ് ‘അതിരന്’ നഷ്ടമാകുന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പിയാണെന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന ആരോപണം. എന്നാല്‍ അങ്ങനെയല്ലെന്ന് സംവിധായകന് പറഞ്ഞിരുന്നു. എന്നിരുന്നാലും പലയിടത്തും ‘അതിരന്’ ആ ചിത്രത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്.
മികച്ചൊരു താരനിരയെ തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ ലഭിച്ച വിവേക് അവരെ വേണ്ട തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതും സംശയമാണ്. സുദേവ് നായര്‍ എന്ന നടനെ മുഖ്യധാര മലയാള സിനിമയ്ക്ക് ഒന്നെങ്കില്‍ ഇതുവരെ വേണ്ട തരത്തില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാന്‍.
Read more: Surabhi Lakshmi Interview: ‘അതിരൻ’ സിനിമാ അനുഭവങ്ങളെ കുറിച്ച് സുരഭി ലക്ഷ്മി
ചിത്രത്തില്‍ കയ്യടി അര്‍ഹിക്കുന്ന രണ്ട് പേരാണ് ക്യാമറാമാന് അനു മൂത്തേടത്തും പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ജിബ്രനുമാണ്. ‘രാക്ഷസന്’ എന്ന സൈക്കോ ത്രില്ലറിലെ സംഗീതം കൊണ്ട് നിരവധി പേരുടെ പ്രശംസ നേടിയ ജിബ്രാന് അതിരനിലും തന്റെ കൈയ്യൊപ്പ് രേഖപ്പെടുത്തുന്നുണ്ട്. അനുവിന്റെ ക്യാമറാക്കണ്ണിലൂടെയുള്ള കാഴ്ചകള്‍ മനോഹരമാണ്. കാഴ്ചാനുഭവം എന്ന രീതിയില്‍ അതിരനെ നോക്കി കാണുമ്പോള്‍ ബോറിപ്പിടിപ്പിക്കാതെ, ഇടക്കൊക്കെ ഞെട്ടിക്കുന്ന ഒരു ചിത്രമെന്നാകും പറയാനാവുക.