അസം മുഖ്യമന്ത്രിയെ വിളിച്ച് തന്റെ ഉത്കണ്‌ഠ വ്യക്തമാക്കി നടൻ ഷാരൂഖ് ഖാൻ. കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമാന്ദ് ബിസ്‌വ ശർമ ആരാണ് ഷാരൂഖാനെന്നും പത്താൻ എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടത്. ചിത്രത്തിനെതിരെ രാജ്യത്തെ പലഭാഗങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ തനിക്ക് ഉത്കണ്‌ഠയുണ്ടെന്ന് ഷാരൂഖ് പറഞ്ഞു. നിയമം നടപ്പാക്കേണ്ടത് സർക്കാരാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വെള്ളിയാഴ്ച ഗുവാഹട്ടിയിലെ തിയേറ്ററിൽ ബജ്റാങ്ങ് ദാൽ പ്രവർത്തകർ സംഘർഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ കീറിയെറിയുകയും കത്തിച്ചുകളയുകയും ചെയ്‌തു.
“ഇന്നലെ രാത്രി 2 മണിക്ക് ഷാരൂഖ് ഖാൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്‌കണ്‌ഠ അറിയിച്ചതിനു പിന്നലെ താരത്തിന് പിന്തുണയും ഞാൻ ഉറപ്പു നൽകി. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കില്ലെന്നും പറഞ്ഞു” അസം മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സംഘർഷം നടന്നതിനു ശേഷം മന്ത്രി മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. ഷാരൂഖ് ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും, പ്രശ്‌നം എന്തെങ്കിലും ഉണ്ടായതായി തോന്നിയാൽ കൃത്യമായ നടപടിയെടുക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ബേഷാറാം റാങ്ങ് എന്ന ഗാനം പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിനെതിരെ ബിജെപി മന്ത്രിമാരിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കാവി വസ്ത്രത്തെ അപമാനിച്ചു എന്നതായിരുന്നു ആരോപണം.
സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്താൻ ജനുവരി 25 ന് തിയേറ്ററുകളിലെത്തും. നാലു വർഷങ്ങൾക്കു ശേഷം ഷാരൂഖ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.