വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട് അസിൻ തോട്ടുങ്കൽ. തനിക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ അറിയിച്ചത്. ഇപ്പോഴിതാ തന്റെ മാലാഖ അറിന് ഒപ്പമുളള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി അസിൻ പങ്കുവച്ചിരിക്കുന്നത്.
ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അറിൻ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന ചിത്രമാണ് അസിൻ പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റു ചില ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.
പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
തമിഴിൽ വൻ ഹിറ്റായ ‘ഗജിനി’ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോൾ നായികയായതും അസിൻ ആയിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. അതിനുശേഷം ലണ്ടൻ ഡ്രീംസ് എന്ന ഹിന്ദി ചിത്രത്തിലും അസിൻ അഭിനയിച്ചു.