മലയാള സിനിമയിലെ യുവനടന്മാരിൽ ഏറെ ജനപ്രീതിയുള്ള താരമാണ് ആസിഫ് അലി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന ആസിഫ് ആംസ്റ്റർഡാം യാത്രയ്ക്കിടയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ആംസ്റ്റർഡാമിൽ വച്ച് പ്രണയം തോന്നിയവർ ഒന്ന് കൈ പോക്കൂ’ എന്ന കുറിപ്പോടെയാണ് ആസിഫ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യ സമയുമുണ്ട് ആസിഫിനൊപ്പം. ഇരുവരും പ്രണയപൂർവം ഒരു തടാകത്തിനരികിലിരിക്കുന്നത് ചിത്രത്തിൽ കാണാം. ആസിഫിന്റെ ചോദ്യത്തിന് രസകരമായ മറുപടികളും ചിത്രത്തിനു താഴെയുണ്ട്.
2013 ലാണ് ആസിഫും സമയും വിവാഹിതരായത്. ആദം, ഹയ എന്നു പേരുള്ള രണ്ടു കുട്ടികളും ഇവർക്കുണ്ട്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’ ആണ് ആസിഫിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. പൃഥ്വിരാജ്, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂഡ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘2018’ ആണ് ആസിഫിന്റെ പുതിയ ചിത്രം.