‘ബിടെക്’, ‘മന്ദാരം’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്ക്ക് ശേഷം ഈ വര്ഷം ആസിഫ് അലി അഭിനയിക്കുന്ന ചിത്രങ്ങളാണ് ‘വിജയ് സൂപ്പറും പൗർണമിയും’, ‘കക്ഷി: അമ്മിണിപ്പിള്ള’ എന്നിവ.
പുതിയ ചിത്രം ‘കക്ഷി: അമ്മിണിപ്പിള്ള’ യിൽ വക്കീൽ വേഷത്തിൽ എത്തുകയാണ് താരം. പുതുമുഖ സംവിധായകൻ ദിൻജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സറാ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് നിർമാണം. സനിലേഷ് ശിവനാണ് തിരക്കഥ. ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും. ആസിഫ് തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
“യഥാർത്ഥ ജീവിതത്തിൽ സാധിക്കാത്ത വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് അഭിനേതാവിന്റെ ഭാഗ്യം. ഒരു വക്കീലിന്റെ വേഷം ചെയ്യണമെന്നത് ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു. പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവവും വേണം”, എന്നാണ് ആസിഫ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രം പൂർത്തിയായതിനു ശേഷമാണ് ആസിഫ് ‘കക്ഷി അമ്മിണിപ്പിള്ള’യിൽ എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ‘വിജയ് സൂപ്പറും പൗർണമിയിലെ’ നായിക. മംമ്ത മോഹൻദാസിനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അവസരം ഐശ്വര്യയിൽ എത്തിച്ചേരുകയായിരുന്നു. ബാലു വർഗീസ്, രൺജി പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
‘ബൈസൈക്കിൾ തീവ്സ്’, ‘സൺഡേ ഹോളിഡേ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആസിഫ് – ജിസ് ജോയി കൂട്ടുക്കെട്ടിൽ നിന്നും പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ‘ബൈസൈക്കിൾ തീവ്സ്’ ആയിരുന്നു സംവിധായകൻ ജിസ് ജോയിയുടെ പ്രഥമ ചിത്രം. ‘സൺഡേ ഹോളിഡേ’യും മികച്ച വിജയം നേടിയിരുന്നു.