‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത താരങ്ങളും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയ്ക്ക്, മമ്മൂട്ടി ചടങ്ങിൽ വച്ച് ഒരു റോളക്സ് വാച്ചും സമ്മാനമായി നൽകി. റോഷാക്കിലെ ആസിഫിന്റെ പ്രകടനത്തെപ്പറ്റി മമ്മൂട്ടി വാചാലനായിരുന്നു.ആസിഫ് അലി അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും ഒരു നടന്റെ ഏറ്റവും എക്‌സ്പ്രസീവായ ഭാഗം കണ്ണുകളാണെന്നും മമ്മുട്ടി പറഞ്ഞു.
‘കാപ്പ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി നടത്തിയ അഭിമുഖങ്ങളിൽ പൃഥ്വിരാജിനൊപ്പം ആസിഫ് അലി കഴിഞ്ഞദിവസങ്ങളിലായി എത്തിയിരുന്നു. ഇതിനിടയിലാണ് അവതാരകൻ വാച്ചിനെക്കുറിച്ച് ആസിഫിനോട് ചോദിച്ചത്. ഇതുവരെ വാച്ച് കെട്ടിയിട്ടില്ലെന്നും, ഉപയോഗിക്കുമ്പോൾ അതിന്റെ കഥ എല്ലാവരോടു പറയേണ്ടി വരുമെന്നും ആസിഫ് പറയുന്നുണ്ട്.
കഥ കുറച്ച് പഴകിയ ശേഷം വാച്ച് കെട്ടാമെന്നാണ് ആസിഫ് വിചാരിച്ചിരിക്കുന്നതെന്ന് പൃഥ്വിരാജ് തമാശപൂർവ്വം പറയുന്നത് വീഡിയോയിൽ കാണാം. വാച്ച് ചെറുതാക്കാനുണ്ടെന്നും പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ കെട്ടാമെന്നാണ് കരുതുന്നതെന്നും ആസിഫ് പറയുന്നു.
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കൂമൻ’ ആണ് ആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫിന്റെ പുതിയ ചിത്രം ‘കാപ്പ’ ഇന്ന് റിലീസിനെത്തും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, അന്ന ബെൻ, അപർണ ബാലമുരളി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.