scorecardresearch
Latest News

ആസിഫും സുരാജും ഒന്നിക്കുന്നു; സംവിധാനം പത്മകുമാർ

മഹിമ നമ്പ്യാറും സ്വാസികയുമാണ് നായികമാർ

ആസിഫും സുരാജും ഒന്നിക്കുന്നു; സംവിധാനം പത്മകുമാർ

‘ജോസഫ്’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ഫാമിലി ത്രില്ലർ ഴോണറിൽ വരുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. രതീഷ് റാം ക്യാമറയും, രഞ്ജിൻ സംഗീതവും, കിരൺദാസ് എഡിറ്റിംഗും നിർവ്വഹിക്കും. മഹിമ നമ്പ്യാർ, സ്വാസിക തുടങ്ങിയവർക്കൊപ്പം വലിയ താരനിരയും ഈ ത്രില്ലർ ചിത്രത്തിൽ ഉണ്ടായിരിക്കും. സംവിധായകൻ പത്മകുമാർ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കു വച്ചിരിക്കുന്നത്.

പത്മകുമാറിന്റെ മുൻചിത്രമായ ‘ജോസഫും’ ഫാമിലി ത്രില്ലർ ഴോണറിൽ പെട്ട ചിത്രമായിരുന്നു. ‘ജോസഫി’നു ശേഷം പത്മകുമാർ സംവിധാനം ചെയ്ത ‘മാമാങ്കം’ ഏറെ വിവാദങ്ങൾക്കൊടുവിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പത്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക. ഉണ്ണി മുകുന്ദൻ, അനു സിതാര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു.

Read more: സുന്ദരിയായി പ്രാചി തെഹ്‌ലാന്‍; ‘മാമാങ്കം’ രണ്ടാം പോസ്റ്റര്‍ പുറത്ത്

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ‘അണ്ടർവേൾഡ്’ ആണ് ഇനി തിയേറ്ററുകളിലെത്താനുള്ള ആസിഫ് അലി ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ഫർഹാൻ ഫാസിൽ, ജീൻ പോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സി ഐ എ എന്ന സിനിമയ്ക്കു തിരക്കഥയെഴുതിയ ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും യാക്ക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സംയുക്ത മേനോൻ, മുത്തുമണി, മുകേഷ്, ശ്രീകാന്ത് മുരളി, അരുൺ എന്നിവരാണ് മറ്റു താരങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Asif ali suraj venjaramoodu padmakumar m film