ആസിഫ് അലി എന്ന നടനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വർഷമായിരുന്നു 2019. ഉയരെ, കക്ഷി അമ്മിണിപ്പിള്ള, അണ്ടർവേൾഡ്, വൈറസ്, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിനൊന്ന് വേറിട്ട വേഷങ്ങൾ ചെയ്ത് ആസിഫ് പ്രേക്ഷകരെ ഞെട്ടിച്ചു. അത്തരം മികച്ച ചിത്രങ്ങളും പ്രകടനങ്ങളും തന്നെയാണ് 2020ലും ആസിഫിനെ കാത്തിരിക്കുന്നത്. രാജീവ് രവിയുടെ അടുത്ത ചിത്രത്തിൽ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് ആസിഫ് അലി.
“ഞാൻ ശരിക്കും ആവശത്തോടെ കാത്തിരിക്കുന്ന ഒരു സിനിമയാണിത്. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ഇതൊരു പോലീസ് സർവൈവൽ കഥയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഉത്തരേന്ത്യയിൽ ആയിരിക്കും,” ആസിഫ് അലി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Read More: ഞെട്ടിക്കാന്‍ നിവിന്‍ പോളി; ‘തുറമുഖം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിലവിൽ തുറമുഖം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രാജീവ് രവി. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിൻ പോളി മുഖ്യകഥാപാത്രമാവുന്ന ‘തുറമുഖ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുൻചിത്രമായ ‘കമ്മട്ടിപ്പാട’വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയും സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’.
ചിത്രത്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. വളരെ വ്യത്യസ്ത ശൈലിയിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലൂടെ മലയാള സിനിമയെ ഞെട്ടിച്ച നിവിന്‍ പോളി മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. നിവിൻ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂർണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.