‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’ എന്ന ചിത്രത്തിനു ശേഷം രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇബ്ലിസ്’. ‘കാരണം യാഥാര്‍ഥ്യം എന്നത് ഒരു തമാശയാണെ’ന്നാണ് എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ആസിഫ് അലി, മഡോണ സെബാസ്റ്റിയന്, ലാല്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്.
വൈശാഖന് (ആസിഫ് അലി) എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്തമായ ഒരു നാടും അതിലും വ്യത്യസ്തമായ നാട്ടുകാരുമാണ് ‘ഇബ്ലിസി’ല്‍ ഉള്ളത്. മരണ വീടുകളില്‍ ഉച്ചഭാഷിണിയിലൂടെ പാട്ടു വച്ചു കൊടുക്കുന്നതാണ് വൈശാഖന്റെ ജോലി. വൈശാഖനും ഫിദയും (മഡോണ) തമ്മില്‍ കുട്ടിക്കാലം മുതലുള്ള സൗഹൃദവും അതിനിടയില്‍ വൈശാഖന് ഫിദയോടുണ്ടാകുന്ന പ്രണയവും ഈ പ്രണയം ഫിദയെ അറിയിക്കാന്‍ വൈശാഖന്റെ മുത്തച്ഛന് ശ്രീധരന് (ലാല്‍) ഒരുക്കുന്ന തന്ത്രങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതി മുതല്‍ ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല, മരിച്ചു പോയവരും കൂടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അല്ലെങ്കില്‍ അവരാണ് ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.
മരിച്ചു പോയവരുടെ വീക്ഷണത്തിലൂടെ ജീവിതത്തെ കാണിക്കാനുള്ള ശ്രമം കൂടിയാണ് ചിത്രം. മലയാള സിനിമയില്‍ അത്ര കണ്ടു പരിചയമില്ലാത്ത കഥ പറച്ചിലാണ് ‘ഇബ്ലിസി’ല്‍ സംവിധായകന് പ്രയോഗിച്ചിരിക്കുന്നത്. കഥ സംവിധായകന്റേയും തിരക്കഥ സമീര്‍ അബ്ദുളിന്റേതുമാണ്. ഏറ്റവും മനോഹരമായി, ഒരു ചെറു പുഞ്ചിരിയോടെയാണ് ചിത്രത്തിലെ ഓരോ മരണത്തേയും ചിത്രീകരിച്ചിരിക്കുന്നത്.
മരണത്തില്‍ പോലും ദുഃഖിക്കാത്തവരുടെ നാട്ടിലെ കഥയാണ് ഇബ്ലിസ് പറയുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കിടയില്‍ ഒറ്റക്കിട്ടു പോകല്ലേ എന്നു പറയുന്ന മരിച്ച കഥാപാത്രം ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും ചിന്തിപ്പിക്കുന്നുണ്ട്. ഏറ്റവും മനോഹരമായി മരണത്തെ ചിത്രീകരിച്ച മലയാള സിനിമകളില്‍ ഒന്നായി ഇബ്ലിസിനെ കണക്കാക്കാം.
മരണത്തിലൂടെ ജീവിതം എത്ര മനോഹരമാണെന്നു പറഞ്ഞു തരാനുള്ള ശ്രമംകൂടിയാണ് ‘ഇബ്ലിസി’ലൂടെ രോഹിത് വി.എസ് എന്ന സംവിധായകന് നടത്തിയിരിക്കുന്നത്. കോമഡിയും ഫാന്റസിയും റൊമാന്സും സമാസമം കോര്‍ത്തിണക്കിയാണ് ‘ഇബ്ലിസ്’ ഒരുക്കിയിരിക്കുന്നത്.
കഥ നീളുന്നത് വൈശാഖനെ ചുറ്റിപ്പറ്റിയാണെങ്കിലും ശ്രീധരന് എന്ന ലാല്‍ അഭിനയിച്ച കഥാപാത്രമാണ് പലപ്പോഴും ചിത്രത്തെ നയിക്കുന്നത്. സര്ക്കീട്ടുകാരന് മുത്തച്ഛന് പലപ്പോഴും ഒരു മാജിക്കുകാരനായി അനുഭവപ്പെടും. വളരെ രസകരമായി തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ലാലിന് സാധിച്ചു.
വൈശാഖന് എന്ന കഥാപാത്രമായുള്ള ആസിഫ് അലിയുടെ മേക്കോവര്‍ ഗംഭീരമാണ്. ബി.ടെക് എന്ന ചിത്രത്തിലെ ആനന്ദില്‍ നിന്നും വൈശാഖനിലേക്കെത്തിയപ്പോള് തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് ആസിഫ് മാറിയിരിക്കുന്നത്. വൈശാഖന് എന്ന നിഷ്കളങ്കമായ കഥാപാത്രം ആസിഫിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഫിദ എന്ന കഥാപാത്രം പലപ്പോഴും ഒരു ഫെയ്റി ടെയ്ലിലെ നായികയെ ഓര്‍മ്മിപ്പിക്കും വിധത്തിലായിരുന്നു. അഭിനയത്തില്‍ ഒരല്പം കൃത്രിമത്വം അനുഭവപ്പെട്ടെങ്കിലും മഡോണ മോശമാക്കിയില്ല.
ജബ്ബാറായി എത്തുന്ന സിദ്ദീഖും സുകുമാരനായി എത്തുന്ന സൈജു കുറുപ്പും ഉള്‍പ്പെടെ ചിത്രത്തിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.
സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും വളരെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ‘ഇബ്ലിസ്’. ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് അനുയോജ്യമായ വിധത്തിലാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ഒരു വിസ്മയ ലോകത്തെത്തിക്കും വിധത്തിലായിരുന്നു അഖില്‍ ജോര്‍ജ് ഒരുക്കിയ ഫ്രെയ്മുകള്. ഗ്രാമത്തിന്റെയും മരണത്തിന്റെയും ജീവിതത്തിന്റെയും സൗന്ദര്യം പകര്‍ത്തുന്നതില്‍ അഖിലിന്റെ ക്യാമറ വിജയിച്ചു.
പലയിടത്തും കണ്ഫ്യൂഷന് അനുഭവപ്പെടുമെങ്കിലും തീര്‍ത്തും ‘ഔട്ട് ഓഫ് ദി ബോക്സ്’ ചിന്തയില്‍ ഒരുക്കിയ ചിത്രമാണ് ‘ഇബ്ലിസ്’. യാതൊരു മുന്‍വിധികളുമില്ലാതെ തുറന്ന മനസോടെ സ്ക്രീനില്‍ കാണുന്നതെന്തും സ്വീകരിക്കാന്‍ തയ്യാറായി പോകുന്നവരെ രണ്ടു മണിക്കൂര്‍ എന്റര്ടെയ്ന് ചെയ്യാന്‍ ചിത്രത്തിനു സാധിക്കും. അതിന്റെ തെളിവാണ് തിയേറ്ററിലെ വിരലിലെണ്ണാവുന്ന കാണികളില്‍ നിന്നുയര്‍ന്ന കൈയ്യടികളും പൊട്ടിച്ചിരികളും.