scorecardresearch
Latest News

ഡയലോഗ് പറ, ഡയലോഗ് പറ; ‘ഉയരെ’ ലൊക്കേഷനിൽ നിന്നുള്ള രസകരമായ കാഴ്ച

“മനു അശോകും പാർവ്വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങൾക്കുള്ള മുദ്രാവാക്യം അന്തിമമാക്കുകയും നിഷ്കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുകയും ചെയ്യുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ഇത് പങ്കുവച്ചിരിക്കുന്നത്.

ഡയലോഗ് പറ, ഡയലോഗ് പറ; ‘ഉയരെ’ ലൊക്കേഷനിൽ നിന്നുള്ള രസകരമായ കാഴ്ച

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു ‘ഉയരെ’. ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായി വേഷമിട്ടത് പാർവ്വതി തിരുവോത്തായിരുന്നു. അഭിനയമികവുകൊണ്ടും കഥാപാത്രത്തിന്റെ പൂർണത കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Read More: ഇത് വേറെ പ്രഭാകരൻ, ക്ഷമാപണവുമായി ദുൽഖർ; ‘വരനെ ആവശ്യമുണ്ട്’ വീണ്ടും വിവാദത്തിൽ

ചിത്രത്തിന്റെ തുടക്കത്തിൽ കോളേജിലെ യൂത്ത്ഫെസ്റ്റിവലിൽ ഡാൻസിന് ഒന്നാം സമ്മാനം വാങ്ങിയ പല്ലവിയും സുഹൃത്തുക്കളും ആഘോഷിക്കുന്ന ഒരു രംഗമുണ്ട്. ചിത്രം പുറത്തിറങ്ങി കൃത്യം ഒരു വർഷം കവിയുമ്പോൾ അത് ചിത്രീകരിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിന്റെ രസകരമായൊരു വീഡിയോ ആണ് ആസിഫ് അലി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

പാർവ്വതിയ്ക്ക് സംവിധായകൻ മനു അശോക് ഡയലോഗ് പറഞ്ഞ് കൊടുക്കുകയാണ്. “ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഏക്താര,” ഇത്രയുമായപ്പോൾ പാർവ്വതി ചോദിക്കുന്നു, ബാക്കി എന്താ പറയേണ്ടത് എന്ന്. ബാക്കി ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും കാണാം.

“മനു അശോകും പാർവ്വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങൾക്കുള്ള മുദ്രാവാക്യം അന്തിമമാക്കുകയും നിഷ്കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുകയും ചെയ്യുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ഇത് പങ്കുവച്ചിരിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായപ്പോൾ പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് സിദ്ദിഖ് ആണ്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കി ‘ഉയരെ’ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു. പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറിൽ ചിത്രം നിർമ്മിച്ചത്.

അതിജീവനത്തെ കുറിച്ച് രണ്ടു തവണ ചിന്തിക്കാത്ത ഒരാളാണ് പല്ലവി എന്നാണ് ‘ഉയരെ’യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പാര്‍വ്വതി നേരത്തെ പ്രതികരിച്ചത്.

‘വേദനയെ കുറിച്ചും സഹനത്തെ കുറിച്ചുമെല്ലാം നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഉള്‍വലിഞ്ഞ് ജീവിക്കുന്നവരും, അധികം സംസാരിക്കാതെ, ചുറ്റുപാടില്‍ നിന്നും ഒരു അകലം പാലിച്ചും ജീവിക്കാത്തവരൊന്നും വേദനിക്കുന്നവരല്ലെന്നൊരു ധാരണയുണ്ട്. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഞാന്‍ ഒരുപാട് സംസാരിക്കും, ഉച്ചത്തില്‍ ചിരിക്കും, മുടി കളര്‍ ചെയ്യും, ഞാന്‍ ഒരുപാട് യാത്ര ചെയ്യും. പക്ഷെ എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെ അതിജീവിക്കാന്‍ എനിക്ക് സാധിക്കുന്നു എന്നതാണ്. ട്രോമ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നു,” തന്റെ പല കാഴ്ച്ചപ്പാടുകളും തിരുത്താന്‍ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം സഹായിച്ചുവെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Asif ali shares parvathys uyare location video