ഏഴ് വർഷങ്ങൾക്ക് മുൻപ് അഞ്ജലി മേനോൻ തിരക്കഥയെഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഉസ്താദ് ഹോട്ടൽ’. തിലകൻ, ദുൽഖർ സൽമാൻ, നിത്യാ മേനൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയമാണ് നേടിയത്. ചിത്രത്തിൽ അതിഥി താരമായി ആസിഫ് അലിയും എത്തിയിരുന്നു.

Read More: നടി ഭാമ വിവാഹിതയായി; ആശംസകളുമായി താരങ്ങൾ-വീഡിയോ

ഫൈസിയുടേയും ഉപ്പാപ്പയുടേയും ‘ഉസ്താദ് ഹോട്ടൽ’ പുതുക്കിപ്പണിഞ്ഞ് ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ആസിഫ് അലിയോട് ഭക്ഷണം കഴിക്കുന്നതിനിടെ മാമുക്കോയയുടെ കഥാപാത്രം വന്ന് “കുഞ്ചാക്കോ ബോബനല്ലേ,” എന്ന് ചോദിക്കുന്നതും “അല്ല, അമിതാഭ് ബച്ചൻ,” എന്ന് ആസിഫ് പറഞ്ഞതും തിയേറ്ററുകളിൽ ഏറെ കയ്യടിയും ചിരിയും ഉണർത്തിയ രംഗമായിരുന്നു.

ഇന്ന് വർഷങ്ങൾക്ക് ശേഷം ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനിലെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ പേജിൽ. ‘ദി കുഞ്ചാക്കോ ബോബൻ ഇഫക്ട്’ എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉടൻ ചിത്രത്തിന് കമന്റുമായി ദുൽഖറും എത്തി. ഭൂതകാലത്തെ ഏറ്റവും സുന്ദരമായൊരു നൊസ്റ്റാൾജിയ എന്നാണ് ദുൽഖറിന്റെ കമന്റ്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനായിരുന്നുഉസ്താദ് ഹോട്ടൽ’ നിർമ്മിച്ചത്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ് മഹേഷ് നാരായണനും ആയിരുന്നു.

തിലകൻ അവതരിപ്പിച്ച ഉപ്പൂപ്പയും ദുൽഖർ സൽമാന്റെ ഫൈസിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിലൂടെ മികച്ച സംഭാഷണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അഞ്ചലി മേനോൻ സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook