വലിയ കാറുകളിലോ ബൈക്കുകളിലോ ആഢംബര വാഹനങ്ങളിലോ ആണ് സാധാരണയായി സിനിമ താരങ്ങളെ കാണാറുള്ളത്. വഴിയിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലുമെല്ലാം തങ്ങളുടെ പ്രിയതാരങ്ങളെ കാണുമ്പോൾ അടുത്തുപോയി സംസാരിക്കുകയോ സ്നേഹത്തോടെ നോക്കി നിൽക്കുകയോ ചെയ്യാറുണ്ട് ആരാധകർ. എന്നാൽ ഈരാറ്റുപേട്ടയിലൂടെ പഴയൊരു ആർഎക്സ് ഹണ്ട്രണ്ട് ബൈക്കുമായി മുണ്ടും ഷർട്ടുമിട്ട് സാധാരണക്കാരനെ പോലെ പോകുന്ന ആസിഫ് അലിയെ അപ്രതീക്ഷിതമായി കണ്ട് വഴിയിലുണ്ടായിരുന്നവർ ഒന്ന് ഞെട്ടി.

ആസിഫ് അലിയെ കണ്ടെങ്കിലും മുന്നിൽ പോയ വാഹനം ആരും ശ്രദ്ധിച്ചില്ല. എങ്കിൽ സംഗതി ഷൂട്ടിങ് ആണെന്ന് മനസിലായേനെ. ആസിഫ് അലിയുടെ ബൈക്കിനു മുന്നിൽ ഒരു കാറിന്റെ പിൻഭാഗം തുറന്ന് അതിനുള്ളിൽ കാമറാമാനും ടെക്നിക്കൽ സംഘവും യാത്ര ചെയ്യുന്നത് കാണാം. വഴിയിൽ നിർത്തിയിട്ടിരിക്കുന്ന ടൂ വീലറിലെ യാത്രക്കാർ പെട്ടെന്നാണ് നടൻ ആസിഫ് അലിയാണ് അതെന്ന് തിരിച്ചറിയുന്നത്.

ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഷൂട്ടിങിന്‍റെ ഭാഗമായിരുന്നു ആസിഫിന്‍റെ ഈ ബൈക്ക് സഞ്ചാരം.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയന്‍ ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook