Asif Ali’s Mandaram:’വന്ദനം’ സിനിമ കണ്ട് ‘ഐ ലവ് യൂ’ വിന്റെ​ അർത്ഥം തേടിനടക്കുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്റെ കൗതുകത്തിൽ നിന്നുമാണ് ‘മന്ദാരം’ ആരംഭിക്കുന്നത്. ‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്നാണ്​​ അതിന്റെയർത്ഥം എന്ന് നേരെ ചൊവ്വേ അവനൊരു ഉത്തരമേകാൻ
അവന്റെ വീട്ടുകാർ പോലും മടിക്കുന്നു.

മന്ദാരം പൂക്കുന്നതു പോലെ ഒന്നാണ് അതെന്നാണ് മുത്തശ്ശന്റെ വാക്കുകളിൽ നിന്നും പിന്നീട് അവൻ കണ്ടെത്തുന്ന അർത്ഥം. സ്കൂൾ കാലത്തു തന്നെ മന്ദാരം പൂക്കുന്ന ആ അനുഭൂതി എന്താണെന്നവൻ തിരിച്ചറിയുന്നുണ്ടെങ്കിലും പ്രണയമെന്നത് അവനൊരു മരീചികയാണ്. ജീവിതത്തിൽ ഉടനീളം നോവു സമ്മാനിക്കുന്നൊരു അനുഭൂതി.

പ്രണയത്താൽ മുറിപ്പെട്ട രാജേഷ്​​ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയുടെ കഥയാണ് ‘മന്ദാരം’. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും പ്രണയിച്ചവർക്ക്, പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന അറിഞ്ഞവർക്ക് താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂർത്തങ്ങൾ കാത്തുവെയ്ക്കുന്നുണ്ട് ആസിഫ് അലിയുടെ ‘മന്ദാരം’. കുഞ്ഞുനാളിൽ എപ്പോഴോ മുത്തശ്ശൻ പറഞ്ഞ, ‘നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ഒരിക്കലും മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കരുത്’ എന്ന ഉപദേശത്തിന്റെ അർത്ഥം ജീവിതം കൊണ്ട് തിരിച്ചറിയുന്ന ചെറുപ്പക്കാരനാണ് രാജേഷ്.

നീളൻ ഡയലോഗുകളോ അടിപിടിയോ ഒന്നുമില്ലാതെ പതിയെ നീങ്ങുന്ന ഒരു കഥയാണ് സിനിമയുടേത്. ‘മന്ദാര’ത്തിന്റെ ആദ്യപകുതിയിലെ രാജേഷ് എന്ന ചെറുപ്പക്കാരൻ, മുൻപ് ആസിഫ് അലി തന്നെ ചെയ്ത നിരവധി കഥാപാത്രങ്ങളുടെ മാനറിസം ഓർമ്മിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ ‘ആസ്ഥാന’ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ റോളിൽ നിന്നും ആസിഫ് അലിയെ മോചിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ആദ്യപകുതി വരെ ഇഴഞ്ഞു നീങ്ങുന്ന സിനിമയെ മുന്നോട്ട് നയിക്കുന്നത് കൂട്ടുകാരായെത്തുന്ന അർജുൻ അശോകന്‍, ഗ്രിഗറി ജേക്കബ്, വിനീത് വിശ്വം എന്നിവരുടെ സാന്നിധ്യമാണ്.
കോളേജ് കാലത്തെ പ്രണയസ്വപ്നങ്ങളും വിഹ്വലതകളും സൗഹൃദവും രാജേഷിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയായ ചാരുവുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെയാണ് ആദ്യ പകുതി പറയുന്നത്.

‘കല്യാണം’ ഫെയിം വര്‍ഷ ബൊല്ലമ്മയാണ് ചാരുവായെത്തുന്നത്. പ്രണയിനിയെ ഭ്രാന്തമായി സ്നേഹിക്കുന്ന കാമുകന്റെ റോൾ ആസിഫ് അലി ഗംഭീരമാക്കിയിട്ടുണ്ട്. മിക്ക പ്രണയങ്ങളിലും അസ്ഥിയ്ക്കു പിടിച്ചതുപോലെ പ്രേമിക്കുന്ന ഒരു വ്യക്തിയുണ്ടാവും, പങ്കാളിയെ ചുറ്റിപ്പറ്റി തന്റെ സന്തോഷം കണ്ടെത്തുന്ന പ്രണയിതാവ്. പ്രണയനഷ്ടങ്ങൾ ഏറ്റവും ബാധിക്കുന്നതും ആ വ്യക്തിയെയാവും. ഇവിടെ അത് രാജേഷാണ്. തിരസ്കരിക്കപ്പെടുമ്പോൾ ‘ഒരിക്കലും നമ്മൾക്ക് സ്വന്തമാക്കാൻ കഴിയാത്തവരെയാണ് നമ്മളേറ്റവും കൂടുതൽ സ്നേഹിക്കുക’ എന്ന തിരിച്ചറിവിലെത്തുന്നുണ്ട് രാജേഷ്. സ്വർണമത്സ്യം പോലെ വഴുതി നീങ്ങുന്ന ഒരു പ്രണയിനി എന്നതിനപ്പുറത്തേക്ക് കാര്യമായ അഭിനയ മുഹൂർത്തങ്ങളൊന്നും വർഷയെന്ന നായികയ്ക്ക് സിനിമയിൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും.

ആദ്യപകുതിയുടെ ക്ഷീണം തീർക്കുന്ന ഉയർത്തെഴുന്നേൽപ്പാണ് രണ്ടാം പകുതിയിൽ ആസിഫ്​ കാഴ്ച വയ്ക്കുന്നത്. താടിയും മുടിയുമൊക്കെ നീട്ടി വളർത്തിയിട്ടുള്ള ഗെറ്റപ്പ് മാറ്റത്തിനൊപ്പം തന്നെ, ഇതുവരെ കാണാത്തൊരു ആസിഫ് അലിയെ കൂടി രണ്ടാം പകുതിയിൽ കാണാം. സിനിമ ഇൻഡസ്ട്രിംഗ് ആവുന്നതും രണ്ടാം പകുതിയോടെയാണ്. ദേവികയായെത്തിയ അനാർക്കലി മരിയ്ക്കാറാണ് രണ്ടാം പകുതിയെ രസകരമാക്കുന്നത്.

സിനിമയുടെ താളം നിലനിർത്തികൊണ്ടുപോകാൻ അനാർക്കലിയുടെ ദേവിക എന്ന കഥാപാത്രത്തിന് കഴിയുന്നുണ്ട്. ബുള്ളറ്റോടിക്കുന്ന, അൽപ്പം കുറുമ്പും കുസൃതിയും ദേഷ്യം വന്നാൽ ‘അലമ്പാ’വുന്ന സ്വഭാവവുമൊക്കെയുള്ള ഊർജ്ജസ്വലയായ പെൺകുട്ടിയാണ് ദേവിക. രാജേഷിന്റെ ജീവിതത്തിലേക്ക് വൈകി വിരിയുന്ന മന്ദാരപ്പൂ പോലെ ദേവികയെത്തുന്നതും അതിനു കാരണമാകുന്ന ചില സംഭവവികാസങ്ങളുമൊക്കെയാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്.

മൂന്നു ഗെറ്റപ്പിലാണ് ആസിഫ് അലി ഈ ചിത്രത്തിലെത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. പ്രണയത്താൽ മുറിവേറ്റവന്റെ നിരാശ നിറഞ്ഞ കണ്ണുകൾ പലപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിനെയും കൊളുത്തിവലിക്കും. അത് ആസിഫ് അലിയെന്ന നടന്റെ വിജയമായി തന്നെ കാണാം.

‘അനുരാഗ കരിക്കിൻവെള്ള’ത്തിനു ശേഷം നന്ദിനി അഭിനയിക്കുന്ന ചിത്രമാണ് മന്ദാരം. നന്ദിനിയും ആസിഫിന്റെ അച്ഛനായെത്തുന്ന ഗണേഷും വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ഇന്ദ്രൻസും ആസിഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ച എറിക് സക്കറിയയും ഇവാൻ അനിലുമെല്ലാം ചെറിയ വേഷങ്ങളിലാണെങ്കിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. രണ്ടു കാലഘട്ടങ്ങളിലെ ലുക്കുമായെത്തുന്ന അർജുൻ അശോകനും വിനീത് വിശ്വമും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

പലരും പലവട്ടം പറഞ്ഞുപോയ പ്രണയം തന്നെയാണ് മന്ദാരവും പറയുന്നത്. കഥയിൽ വലിയ പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാനില്ല. മനസ്സിൽ തങ്ങി നിൽക്കുന്ന വിഷ്വലുകളാണ് ചിത്രത്തിന്റെ പ്രത്യേകതയായി പറയാവുന്ന മറ്റൊരു ഘടകം. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം അതിന്റെ പശ്ചാത്തലദൃശ്യങ്ങളാൽ സമ്പന്നമാണ്. രാജേഷിന്റെയും ദേവികയുടെയും ഉള്ളിലൊരിഷ്ടം മന്ദാര പൂ പോലെ പതിയെ വിരിഞ്ഞുവരുന്നത് കാഴ്ചക്കാർക്കും അനുഭവവേദ്യമാക്കുന്നതിൽ ചിത്രത്തിന്റെ ക്യാമറയ്ക്ക് നല്ലൊരു പങ്കുണ്ട്.

ചിത്രത്തിലെ പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും കഥയുമായി ഇണങ്ങുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലോജിക്കുകളും അമിത പ്രതീക്ഷയും മാറ്റിവെച്ചാൽ കണ്ടിരിക്കാവുന്ന ഒരു പടം തന്നെയാണ് ‘മന്ദാരം’. ആദ്യപകുതിയിൽ അൽപ്പം ബോറടിപ്പിച്ചാലും രണ്ടാം പകുതിയിൽ ‘പ്രേക്ഷകർ’ ‘മന്ദാര’ത്തെ ഇഷ്ടപ്പെട്ടു തുടങ്ങും. വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു കുഞ്ഞുസിനിമയാണ് ‘മന്ദാരം’. ബിഗ് ബഡ്ജറ്റ്- താരചിത്രങ്ങൾക്കിടയിൽ ഒരു മന്ദാരപ്പൂവിന്റെ നൈർമല്യത്തോടെ ‘മന്ദാരം’ വിടർന്നു പുഞ്ചിരിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ